രാജ്യദ്രോഹക്കുറ്റം : ഹാർദിക് പട്ടേലിന്റെ ഹർജി തള്ളി

അഹമ്മദാബാദ് ∙ സർക്കാരിനെ താഴെയിറക്കാൻ 2015ൽ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്ന കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന്റെ ഹർജി സെഷൻസ് കോടതി തള്ളി. തനിക്കെതിരെ തെളിവില്ലെന്ന ഹാർദിക്കിന്റെ വാദം അഡീഷനൽ സെഷൻസ് ജഡ്ജി ദിലീപ് മഹിദ നിരാകരിക്കുകയായിരുന്നു. സമാനമായ മറ്റൊരു കേസിൽ, കുറ്റവിമുക്തനാക്കണമെന്ന ഹർജി നേരത്തേ സൂറത്ത് കോടതിയും തള്ളിയിരുന്നു. അതിനെതിരെ ഹാർദിക് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.