Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് ഗാന്ധി - സോണിയ വിവാഹസുവർണജൂബിലി ഇന്ന്

06-rajiv-sonia-wedding-day രാജീവ് ഗാന്ധി–സോണിയ വിവാഹ വേളയിൽ

ന്യൂഡൽഹി∙ രാജീവസ്മൃതികളിൽ സോണിയ, ഹൃദ്യമായ ഓർമകളുടെ ഇളംകാറ്റിൽ ഒഴുകിയെത്തുന്നതു പനിനീർപ്പൂക്കളുടെയും മുല്ലപ്പൂക്കളുടെയും സുഗന്ധം. മുടിക്കെട്ടിലും കൈത്തണ്ടയിലും കഴുത്തിലും മുല്ല മാലയണിഞ്ഞു മുല്ലപ്പൂക്കൾ കൊരുത്തുണ്ടാക്കിയ വരണമാല്യം രാജീവ് ഗാന്ധിയെ അണിയിച്ച സോണിയ മൈനോ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരുമകളായി ഇന്ത്യയുടെയും മനം കവർന്ന ഇറ്റലിക്കാരി സുന്ദരി. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന ആദ്യവിവാഹമായിരുന്നു 1968 ഫെബ്രുവരി 25ലേത്. സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ, പനിനീർപ്പൂക്കളുടെ പരിമളം നിറഞ്ഞ സന്ധ്യയിൽ നവവധൂവരന്മാരെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുമ്പോൾ ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിതയുടെ ഹൃദയം ഒരു പനിനീർപ്പൂ പോലെ മൃദുലമായി.

വിവാഹദൃശ്യങ്ങൾ പകർത്താനെത്തിയ ഫൊട്ടോഗ്രഫറോട് ഏതോ കാരണത്തിനു കയർത്ത രാജീവിനെ ശാന്തനാക്കിയതും ഇന്ദിരയാണ്. ജവാഹർലാൽ നെഹ്റു ജയിലിൽവച്ചു നെയ്തുണ്ടാക്കിയതും ഇന്ദിരാ ഗാന്ധി തന്റെ വിവാഹത്തിനണിഞ്ഞതുമായ അതേ സാരിയാണു ലളിതമായ വിവാഹച്ചടങ്ങിൽ സോണിയയും ധരിച്ചത്. തലേ ദിവസം മൈലാഞ്ചിയിടൽ ചടങ്ങു നടന്നതു ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വീട്ടിൽവച്ച്. ബ്രിട്ടനിലെ പഠന കാലത്തു മൊട്ടിട്ട പ്രണയത്തിന്റെ ആഴം പരിശോധിക്കാനായി കമിതാക്കളെ അകറ്റാൻ നോക്കിയെന്നും നാലു വർഷം കഴിഞ്ഞിട്ടും ഇഷ്ടം പതിന്മടങ്ങു കൂടിയതല്ലാതെ കുറ​ഞ്ഞില്ലെന്നും ഇന്ദിരാ ഗാന്ധി തന്നെ പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്.

rajiv-sonia

1984 ഒക്ടോബർ 31ന് ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചതും 1991 മേയ് 21നു ശ്രീപെരുമ്പത്തൂരിൽ ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതും സോണിയയുടെ ജീവിതത്തെ ഉലച്ച സംഭവങ്ങൾ. മക്കളായ പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം അവർ ദുരന്തങ്ങളെ അതിജീവിച്ചു. 1998ൽ കോൺഗ്രസ് അധ്യക്ഷയായി, കഴിഞ്ഞ ഡിസംബറിൽ രാഹുൽ ഗാന്ധിക്കു പദവി കൈമാറി. അൻപതു കൊല്ലം മുൻപ്, നെഹ്റു കുടുംബത്തിലേക്കു വലതുകാൽവച്ചു കയറിയ നാണം കുണുങ്ങിയായി വധുവിൽനിന്ന്, വേർപാടിന്റെയും വേദനയുടെയും ഇരുണ്ടകാലങ്ങൾ താണ്ടിയ സോണിയയുടെ മുഖത്തിപ്പോൾ സഹനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തേജസ്സ്.

rajiv-sonia1
related stories