Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഗാലാൻഡിൽ പോളിങ് 75%; മേഘാലയ 67

Nagaland Assembly elections

ഗുവാഹത്തി∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന നാഗാലാൻഡിൽ 75 ശതമാനവും മേഘാലയയിൽ 67 ശതമാനവും പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഗാലാൻഡിൻ 90.19 ശതമാനവും മേഘാലയയിൽ 86.82 ശതമാനവുമായിരുന്നു പോളിങ്.

ഇതേസമയം, രണ്ട് എക്സിറ്റ് പോളുകൾ ത്രിപുരയിൽ ബിജെപിയുടെ വിജയം പ്രവചിച്ചു. ഇതിൽ ഒരെണ്ണം ബിജെപി – ഐപിഎഫ്ടി മുന്നണിക്ക് 60 അംഗ നിയമസഭയിൽ 35 മുതൽ 45 വരെ സീറ്റുകൾ കിട്ടുമെന്നു പറയുന്നു. രണ്ടാമത്തെ എക്സിറ്റ് പോൾ 44 മുതൽ 50 വരെ സീറ്റുകൾ ബിജെപി മുന്നണിക്കു ലഭിക്കുമെന്നു പ്രവചിക്കുന്നു.

നാഗാലാൻഡിൽ ഭരണകക്ഷിയായ നാഗാലാൻഡ് പീപ്പിൾസ് പാർട്ടിയും (എൻപിഎഫ്) ബിജെപി - എൻഡിപിപി സഖ്യവുമായിട്ടാണു മൽസരം. മേഘാലയയിൽ ത്രികോണ മൽസരമാണ്. ഭരണകക്ഷിയായ കോൺഗ്രസിനു പുറമേ ബിജെപിയും പ്രാദേശിക പാർട്ടികളുടെ സഖ്യവും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു.

നാഗാലാൻഡിലെ സുനേബോട്ടോ ജില്ലയിൽ ബിജെപി എൻപിഎഫ് പ്രവർത്തകർ തമ്മിലുള്ള സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്കു പരുക്കേൽക്കുകയും ചെയ്തു. മോൺ ജില്ലയിൽ പോളിങ് ബൂത്തിനു നേരെ ബോംബേറ് നടന്നു.

ഇരുസംസ്ഥാനങ്ങളിലും 59 മണ്ഡലങ്ങളിൽ വീതമാണ് വോട്ടെടുപ്പു നടന്നത്. മേഘാലയയിൽ വില്ലിനഗറിൽ സ്ഥാനാർഥി കൊല്ലപ്പെട്ടതിനെ തുടർന്നു തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. നാഗാലാൻഡിൽ മുൻ മുഖ്യമന്ത്രിയും എൻഡിപിപി സ്ഥാപകനുമായ നെഫ്യു റിയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് മൂന്നിനാണു വോട്ടെണ്ണൽ.