Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷ് വധം: അന്വേഷണത്തിൽ വഴിത്തിരിവ്; ഒരാൾ അറസ്റ്റിൽ

naveenkumar കെ.ടി.നവീൻ കുമാർ

ബെംഗളൂരു ∙ ഹിന്ദു യുവസേനാ പ്രവർത്തകനെന്നു സംശയിക്കുന്ന കെ.ടി.നവീൻ കുമാറിനെ (ഹൊട്ടെ നവീന– 37) ഗൗരി ലങ്കേഷ് വധക്കേസിൽ  പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. കേസിൽ കൃത്യമായ തെളിവുകളോടെയുള്ള ആദ്യ അറസ്റ്റാണിതെന്ന് അധികൃതർ പറയുന്നു. 

അനധികൃതമായി വെടിയുണ്ടകൾ കൈവശം വച്ച കേസിൽ ഫെബ്രുവരി 18നു ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത ഇയാളിൽ നിന്നു പിടിച്ചെടുത്തതു ഗൗരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തരത്തിലുള്ള തിരകളാണ്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലപാതകവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞതോടെയാണ് എസ്ഐടി ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. 

നവീൻ കുറ്റസമ്മതം തടത്തിയതായും മൊഴിയുടെ പകർപ്പ് ഇന്നലെ തന്നെ ചീഫ് മെട്രോപ്പൊലീറ്റ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചതായുമാണു റിപ്പോർട്ട്. ചിലർക്കു നവീൻ തോക്കുപയോഗിക്കാൻ പരിശീലനം നൽകിയ വിവരങ്ങളാണു മൊഴിയിലുള്ളതെന്നാണു സൂചന. 

ഗൗരിയുടെ വീടിനു സമീപത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ നിർമല റാണി അറിയിച്ചു. ഗൗരി കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപു വീടിനു മുന്നിൽ കറങ്ങിയത് ഇയാൾ തന്നെയാണെന്നാണ് എസ്ഐടി സൂചിപ്പിക്കുന്നത്. 

ഇയാളുടെ കയ്യിൽ നിന്നു പിടികൂടിയ വെടിയുണ്ടകളിലെ അടയാളപ്പെടുത്തലുകൾ ഗൗരിയുടെ ശരീരത്തിൽ നിന്നു ലഭിച്ചവയുമായി സാമ്യമുള്ളവയാണെന്നും ഇതേ തരത്തിലുള്ള വെടിയുണ്ടകളാണു പുരോഗമന സാഹിത്യകാരൻ കൽബുറഗിയെയും സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയെയും കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കർണാടക മണ്ഡ്യ മദ്ദൂർ സ്വദേശിയായ നവീൻ ഇപ്പോൾ ചിക്കമഗളൂരുവിലെ ബിരൂരിലാണു താമസിക്കുന്നത്.  ഗൗരി ലങ്കേഷ് പത്രിക എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണു കൊല്ലപ്പെട്ടത്.