Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘാലയയിലെ ത്രിശങ്കുവിലും താമര

mukul മേഘാലയ മുഖ്യമന്ത്രി മുകുൾ സാങ്മ ഗവർണർക്കു രാജിക്കത്ത് കൈമാറുന്നു.

ഷില്ലോങ്/ കൊഹിമ∙ ത്രിശങ്കു സഭയിൽനിന്നു സർക്കാർ ഉണ്ടാക്കുകയെന്ന ഇന്ദ്രജാലം മേഘാലയയിലും ആവർത്തിച്ചു ബിജെപി. 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ സർക്കാർ രൂപീകരണ നീക്കം തകർത്ത് ബിജെപി പുതിയ സഖ്യകക്ഷികളെ കണ്ടെത്തി മേഘാലയയിൽ സർക്കാരുണ്ടാക്കും. മുൻ ലോക്സഭാ സ്പീക്കർ പി.എ. സാങ്മയുടെ മകനും നാഷനൽ പീപ്പിൾ‍സ് പാർട്ടി (എൻപിപി) അധ്യക്ഷനുമായ കോൺറാഡ് സാങ്മ ബിജെപി സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയാവും. 33–34 എംഎൽഎമാരുടെ പിന്തുണ ഈ സഖ്യത്തിനുണ്ടെന്നാണു സൂചന. 60 അംഗ സഭയിലെ 59 സീറ്റിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. 

രണ്ടു സീറ്റിൽ മൽസരിച്ചു ജയിച്ച നിലവിലുള്ള കോൺഗ്രസ് മുഖ്യമന്ത്രി മുകുൾ സാങ്മ ഒരു സീറ്റ് ഒഴിയേണ്ടിവരുന്നതോടെ ഫലത്തിൽ കോൺഗ്രസിന് 20 എംഎൽഎമാരുടെ പിന്തുണയാണ് ഉണ്ടാവുക. 

എൻപിഎഫ് ക്ഷണം തള്ളി ബിജെപി 

ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ ത്രിശങ്കു സഭ വന്ന നാഗാലാൻഡിലും ബിജെപി സഖ്യം ഭരണത്തിലേക്ക്. മുൻ മുഖ്യമന്ത്രിയും എൻഡിപിപി നേതാവുമായ നെഫ്യു റിയോ മുഖ്യമന്ത്രിയാകും. മന്ത്രിസഭ രൂപീകരിക്കാൻ റിയോയെ ഗവർണർ പി.ബി. ആചാര്യ ക്ഷണിച്ചു. ബിജെപിയുടെ പന്ത്രണ്ടും എൻഡിപിപിയുടെ പതിനേഴും ഉൾപ്പെടെ 29 എംഎൽഎമാരാണു സഖ്യത്തിൽ. ഇതിനുപുറമെ ജെഡിയുവിന്റെ ഒരു എംഎൽഎയും ഒരു സ്വതന്ത്രനും സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെ 31 പേരുമായി സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കി. 

cartoon

എന്നാൽ 32 പേരുടെ പിന്തുണയുണ്ടെന്നാണു സഖ്യത്തിന്റെ അവകാശവാദം. അധികാരം പങ്കിടാൻ തയാറാണെന്നു പ്രഖ്യാപിച്ച നിലവിലുള്ള ഭരണകക്ഷി എൻപിഎഫിന്റെ ക്ഷണം തള്ളിയാണു ബിജെപി പുതിയ കൂട്ടുകെട്ട് ഉണ്ടാക്കിയത്. മുഖ്യമന്ത്രിമാരാവുന്ന കോൺറാഡ് സാങ്മയും നെഫ്യു റിയോയും നിലവിൽ ലോക്സഭാംഗങ്ങളാണ്. നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ റിയോ ലോക്സഭാംഗത്വം രാജിവച്ചു. കോൺറാഡിന് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗം ആകേണ്ടിവരും. 

തന്ത്രം പിഴച്ച് കോൺഗ്രസ് 

ത്രിപുരയിൽ സിപിഎമ്മിനെതിരെ ഏകപക്ഷീയ വിജയം നേടിയ ബിജെപി മറ്റു രണ്ടു സംസ്ഥാനങ്ങൾകൂടി പിടിച്ചതോടെ വടക്കുകിഴക്കൻ തിരഞ്ഞെടുപ്പിൽ സമ്പൂർണ വിജയമാണു സ്വന്തമാക്കുന്നത്. മണിപ്പുരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായശേഷം ഭരണം ബിജെപി പിടിക്കുന്നതു കണ്ടുനിൽക്കേണ്ടിവന്ന കോൺഗ്രസിനു മേഘാലയയിലും അതേ ഗതി ആവർത്തിക്കുകയാണ്. ചെറുകക്ഷികളെ കൂടെക്കൂട്ടുന്നതിൽ തുടക്കത്തിൽ പറ്റിയ വീഴ്ച ഇത്തവണ ഉണ്ടാവാതിരിക്കാൻ മുതിർന്ന നേതാക്കളെ ഫലം വന്നുകൊണ്ടിരിക്കെ തന്നെ ഷില്ലോങ്ങിലേക്ക് അയച്ചെങ്കിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിയെന്ന സ്വാധീനം പ്രയോഗിച്ച ബിജെപിക്കു മുന്നിൽ കോൺഗ്രസ് മേഘാലയയിലും കീഴടങ്ങുകയായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ കോൺഗ്രസിന്റെ നേതാക്കൾ ഫലം വന്ന ദിവസം വൈകിട്ടു ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. 

കൂടുതൽ പിന്തുണയ്ക്കു സാധ്യത 

19 സീറ്റ് നേടിയ എൻപിപിക്കൊപ്പം രണ്ടു സീറ്റുള്ള ബിജെപിയും എട്ടു സീറ്റുള്ള യുഡിപി സഖ്യവും ചേർന്നാണു മേഘാലയയിൽ 29 സീറ്റ് ആയത്. ഇവർക്കു കെഎച്ച്എൻഎഎമ്മിന്റെ ഒരു എംഎൽഎയുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയും ലഭിക്കുമെന്നാണു സൂചന. ഇതോടെ 33 പേരുടെ ഭൂരിപക്ഷവുമായി സഖ്യം സുരക്ഷിതനിലയിലെത്തും. 2009ൽ യുപിഎ ഭരണകാലത്തു കോൺഗ്രസ്–യുഡിപി സർക്കാരിനെ പൊളിച്ച് മുകുൾ സാങ്മ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതു മുതൽ അലോസരമുണ്ടായിരുന്ന യുഡിപി, ബിജെപിയുടെ ക്ഷണം കാര്യമായ ചർച്ചകളില്ലാതെ സ്വീകരിക്കുകയായിരുന്നു.

സർക്കാർ ഉണ്ടാക്കുന്നതോടെ, കൂടുതൽ ചെറുകക്ഷികളെ കൂടെക്കൂട്ടാനും ബിജെപിക്കു പ്രയാസമുണ്ടാവില്ല. നാല് എംഎൽഎമാരുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും പിന്തുണ ബിജെപി സഖ്യം തേടിയിട്ടുണ്ട്. നേരത്തേതന്നെ എൻപിപിയുമായി ബിജെപിക്കു രഹസ്യധാരണയുണ്ടെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. 

related stories