Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിൽ ലെനിന്റെ വൻപ്രതിമ തകർത്തു

vandalising-Lenin-statue

അഗർത്തല∙ ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചതിനു പിന്നാലെ സിപിഎം പ്രവർത്തകർക്കും ഓഫിസുകൾക്കും നേരെ ആക്രമണം; അഗർത്തലയ്ക്കു സമീപം ബെലോണിയയിൽ ലെനിന്റെ വൻപ്രതിമ മണ്ണുമാന്തി ഉപയോഗിച്ചു തകർത്തു. അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇതെന്നു പ്രാദേശിക ബിജെപി നേതാക്കൾ പറഞ്ഞെങ്കിലും മുതിർന്ന നേതാക്കൾ തിരുത്തി. ത്രിപുരയുടെ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മണ്ണുമാന്തിയുടെ ഡ്രൈവർ ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. പ്രതിമ തകർത്ത ശേഷം ബിജെപി പ്രവർത്തകർ തലഭാഗം തട്ടിക്കളിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഭാരത് മാതാ കീ ജയ് വിളികളോടെയാണു പ്രതിമ തകർത്തത്. അക്രമങ്ങളിൽ 240 പേർക്കു പരുക്കേറ്റതായി സിപിഎം അറിയിച്ചു. അതേസമയം സിപിഎം ആക്രമണത്തിൽ 49 പേർക്കു പരുക്കേറ്റതായി ബിജെപി വ്യക്തമാക്കി.

ഇതുസംബന്ധിച്ച ത്രിപുര ഗവർണർ തഥാഗത് റോയിയുടെ ട്വീറ്റും വിവാദമായി. ‘ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒരിക്കൽ ചെയ്ത കാര്യം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സർക്കാരിനു തിരുത്താം’ എന്നായിരുന്നു ഗവർണറുടെ ട്വീറ്റ്. ‘നിങ്ങൾക്ക് ഞങ്ങളുടെ പ്രതിമകൾ തകർക്കാൻ സാധിച്ചേക്കും; എന്നാൽ ഞങ്ങളുടെ മനോവീര്യം തകർക്കാൻ കഴിയില്ല’– ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെ സിപിഎം പ്രതികരിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗവർണറോടും സംസ്ഥാന ഡിജിപിയോടും ആവശ്യപ്പെട്ടു.

പെരിയാർ പ്രതിമ തകർത്തു

ചെന്നൈ ∙ തമിഴ്നാട്ടിലെ പെരിയാർ പ്രതിമകളും നീക്കം ചെയ്യുമെന്ന ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എച്ച്. രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ, വെല്ലൂരിൽ പെരിയാർ പ്രതിമയ്ക്കു നേരെ ആക്രമണം. അറസ്റ്റിലായ രണ്ടു പേർ ബിജെപി, സിപിഐ പ്രവർത്തകരാണെന്നും മദ്യലഹരിയിലായിരുന്നു സംഭവമെന്നും പൊലീസ് അറിയിച്ചു. ദ്രാവിഡ രാഷ്ട്രീയ ആചാര്യനാണു പെരിയാർ ഇ.വി. രാമസാമി നായ്ക്കർ. രാജയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് പിന്നീട് അപ്രത്യക്ഷമായി. 

related stories