Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിൽ പൂരാവേശം; ഇനി ബിപ്ലബ് ഭരണം

Narendra Modi greets Biplab Kumar Deb ത്രിപുരയിലെ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ആശ്ലേഷിച്ചപ്പോൾ.

അഗർത്തല ∙ ത്രിപുരയിലെ പത്താമത്തെ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് (48) സ്ഥാനമേറ്റതോടെ കാൽ നൂറ്റാണ്ടുകാലത്തെ സിപിഎം ഭരണത്തിനു വിരാമം. വിശാലമായ അസം റൈഫിൾസ് ഗ്രൗണ്ടിൽ നൂറടി നീളമുള്ള പന്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയവരുടെയെല്ലാം സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഗവർണർ തഥാഗത റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിജെപിയിൽ നിന്ന് ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമനടക്കം ആറു പേരാണു സ്ഥാനമേറ്റത്. സഖ്യകക്ഷിയായ ഐഎഫ്പിടിയിൽ (ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) നിന്ന് അധ്യക്ഷൻ എൻ.സി.ദേബർമനും ജനറൽ സെക്രട്ടറി മേവർകുമാർ ജമാതിയയും സ്ഥാനമേറ്റു. ഏക വനിതാ മന്ത്രി ബിജെപിയിൽ നിന്നാണ്.

PTI3_9_2018_000056B ചിരിയോടെ തുടങ്ങാം സർക്കാരേ...: ത്രിപുരയിൽ ബിപ്ലബ് കുമാർ ദേബ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ മുതിർന്ന ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, എൽ.കെ.അദ്വാനി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവർക്കൊപ്പം മുൻ മുഖ്യമന്ത്രി മണിക് സർക്കാർ. ചിത്രം: പിടിഐ

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീമനോഹർ ജോഷി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ വിജയ് രൂപാനി (ഗുജറാത്ത്), ശിവ്‌രാജ് സിങ് ചൗഹാൻ (മധ്യപ്രദേശ്), സർബാനന്ദ സോനോവാൾ (അസം), രഘുബർ ദാസ് (ജാർഖണ്ഡ്), വസുന്ധര രാജെ (രാജസ്ഥാൻ), ദേവേന്ദ്ര ഫഡ്നാവിസ് (മഹാരാഷ്ട്ര), നെയിഫു റിയോ (നാഗാലാൻഡ്) തുടങ്ങിയവരുടെ വൻനിര ത്രിപുരയുടെ രാഷ്ട്രീയ കുടമാറ്റത്തിനു പൂരാവേശം നൽകി.

തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സഹകരണത്തിന്റെ ഭാഷയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സിപിഎമ്മിനെ പ്രതിനിധീകരിച്ചു മുൻമുഖ്യമന്ത്രി മണിക് സർക്കാർ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ഉപമുഖ്യമന്ത്രി ജിഷ്ണു ദേബിന്റെ മണ്ഡലത്തിൽ എതിർസ്ഥാനാർഥി മരണമടഞ്ഞതിനെ തുടർന്നു തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്.

പോളിങ് മാറ്റിവയ്ക്കണമെന്നും അതിക്രമം മൂലം തങ്ങളുടെ സ്ഥാനാർഥി പലാഷ് ദെബർമയ്ക്കു മണ്ഡലം വിട്ടുപോകേണ്ടിവന്നിരിക്കുകയാണെന്നും ഇലക്‌ഷൻ കമ്മിഷനെ സിപിഎം നേതാക്കൾ അറിയിച്ചു. തങ്ങളുടെ 348 ഓഫിസുകൾ അടിച്ചു തകർത്തുവെന്നും 75 ഓഫിസുകൾക്കും 199 വീടുകൾക്കും തീയിട്ടെന്നും 200ൽ പരം ഓഫിസുകൾ പൂട്ടിയിട്ടെന്നും നൂറോളം പ്രവർത്തകരെ മർദിച്ചെന്നും നേതാക്കൾ കുറ്റപ്പെടുത്തി. തങ്ങളുടെ 15 ഓഫിസുകൾ ബിജെപിക്കാർ പിടിച്ചടക്കിവച്ചിരിക്കുകയാണെന്നു കോൺഗ്രസും ആരോപിച്ചു.