Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷക മുന്നേറ്റം മുംബൈയിൽ; ഇന്ന് നിയമസഭയിലേക്ക്

lady-during-farmers-march ജീവന്റെ ചോരയാണ്.... കാർഷികകടം എഴുതിത്തള്ളുക എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽനിന്നു മുംബൈയിലേക്കുള്ള കർഷകരുടെ കാൽനടജാഥയിൽ പങ്കെടുക്കുന്ന സ്ത്രീ. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

മുംബൈ ∙ കാർഷിക കടം പൂർണമായി എഴുതിത്തള്ളുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി സിപിഎമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തിലേറെ കർഷകർ ഇന്നു മഹാരാഷ്ട്ര നിയമസഭാ മന്ദിരം വളയും. നാസിക്കിൽനിന്നു 180 കിലോമീറ്ററിലേറെ നടന്നെത്തിയ കർഷകർ ഇന്നലെ ഉച്ചതിരിഞ്ഞു മുംബൈ നഗരത്തിൽ പ്രവേശിച്ചു. ശിവസേനയ്ക്കും മഹാരാഷ്ട്ര നവനിർമാൺ സേനയ്ക്കും പുറമേ എൻസിപി, ആം ആദ്‌മി പാർട്ടി തുടങ്ങിയ കക്ഷികളും പിന്തുണ അറിയിച്ചതോടെ ഇന്നു സമാപനത്തിൽ വൻ ജനപങ്കാളിത്തത്തിനാണു സാധ്യത. സിപിഐയും മറ്റൊരു ഇടതുപാർട്ടിയായ പിഡബ്ല്യുപിയും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. സമീപകാലത്തു മുംബൈ കണ്ട ഏറ്റവും വലിയ ഇടതുപ്രക്ഷോഭമാണിത്.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയുള്ള സമര മുന്നേറ്റം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സമ്മർദം വർധിപ്പിക്കുന്നു. സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടും തലവേദന കൂട്ടും. കർഷകരുടെ ആവശ്യങ്ങളോട് ഒരു സർക്കാരിനും നിസ്സംഗത കാട്ടാനാകില്ലെന്നും കാർഷികനയം പുനരവലോകനം ചെയ്യണമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി നാഗ്പുരിൽ പറയുകയും ചെയ്തു. മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക കടാശ്വാസ പദ്ധതി ഉൾപ്പെടെയുള്ള നടപടികളെല്ലാം പരാജയമാണെന്നാണു സമരക്കാരുടെ നിലപാട്. നേതാക്കളുമായി മുഖ്യമന്ത്രി ഇന്നു ചർച്ച നടത്തിയേക്കും. മധ്യസ്ഥചർച്ചകൾക്കു മന്ത്രി ഗിരീഷ് മഹാജനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ നേതാവുമായ ആദിത്യ താക്കറെ കർഷകരെ നേരിൽ കണ്ട് ഐക്യദാർഢ്യം അറിയിച്ചു.

അനുഭാവം പ്രകടിപ്പിച്ച് ഒട്ടേറെ സന്നദ്ധ സംഘടനകളും പ്രതിഷേധത്തിൽ അണിചേർന്നിട്ടുണ്ട്. നാസിക്കിൽനിന്നു കഴിഞ്ഞ ചൊവ്വാഴ്ച 16,000 പേരുമായി ആരംഭിച്ച ലോങ് മാർച്ച് താനെയ്ക്കു സമീപം ആദിവാസി മേഖലയായ പാൽഘറിലെത്തിയപ്പോഴേക്കും പതിനായിരത്തോളം പേർ കൂടി അണിചേർന്നിരുന്നു. യാത്രയിലുടനീളം ഇങ്ങനെ ഒപ്പം ചേർന്നവർ ഉൾപ്പെടെയാണു മുംബൈയിലെത്തിയിരിക്കുന്നത്. സയണിലെ സോമയ്യ മൈതാനത്താണ് കർഷകർ രാത്രി തങ്ങിയത്.