Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോധ്യ ഭൂമി: കക്ഷിചേരാൻ നൽകിയ അപേക്ഷകൾ‍ സുപ്രീംകോടതി തള്ളി

PTI1_12_2018_000153A

ന്യൂ‍ഡൽഹി ∙ അയോധ്യ ഭൂമി തർക്കക്കേസിൽ കക്ഷിചേരാൻ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ശ്യാം ബെനഗൽ, ടീസ്റ്റ സെതൽവാദ് തുടങ്ങിയവരും നൽകിയ അപേക്ഷകൾ‍ സുപ്രീം കോടതി തള്ളി. കേസ് കോടതിക്കു പുറത്ത് ഒത്തുതീർക്കാൻ ആരെയും നിർബന്ധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

അയോധ്യയിലെ 2.27 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഘാഡയ്ക്കുമായി വിഭജിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു വിധിച്ചിരുന്നു. മൂന്നംഗ െബഞ്ചിന്റെ വിധിക്കെതിരെ നിർമോഹി അഘാഡ, ഹിന്ദു മഹാസഭ, ജം ഇയ്യത്തുൽ ഉലമ ഹിന്ദ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് തുടങ്ങിവയുടേതും ഹാഷിം അൻസാരിയെന്ന വ്യക്തിയുടേതുമുൾപ്പെടെ 14 ഹർജികളാണു സുപ്രീം കോടതിയിലുള്ളത്. ഇവ ഈ മാസം 23നു വീണ്ടും പരിഗണിക്കും. കേസിനെ ഭൂമി തർക്കം മാത്രമായാണു പരിഗണിക്കുക എന്നു കോടതി കഴിഞ്ഞമാസം എട്ടിനു പറഞ്ഞിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിനു വിടണമെന്നു ചില അഭിഭാഷകർ ഇന്നലെ ആവശ്യപ്പെട്ടു. അയോധ്യ – ബാബറി മസ്ജിദ് വിഷയം നേരത്തേ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിഗണിച്ചതാണെന്നും അന്നത്തെ നിലപാടു തെറ്റാണെന്നു ബോധ്യപ്പെടുത്തിയാൽ മാത്രമേ ഇപ്പോഴത്തെ വിഷയം വിശാല ബെഞ്ചിനു വിടാനാവൂ എന്നും കോടതി പറഞ്ഞു. നിയമപരമായ പുതിയൊരു വശം പരിഗണിക്കേണ്ടതുണ്ടെന്നു കോടതിക്കു ബോധ്യപ്പെടണം. കേസിൽ കക്ഷിചേർക്കണമെന്ന ആവശ്യം നിരസിച്ചെങ്കിലും ശ്രീരാമന്റെ ജനനസ്ഥലത്ത് ആരാധന നടത്താനുള്ള തന്റെ മൗലികാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി ഉചിതമായ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുമെന്നു ജഡ്ജിമാരായ അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നുവർ കൂടി ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

ആരാധനയ്ക്കുള്ള മൗലികാവകാശ പ്രശ്നം താൻ ഉന്നയിച്ചപ്പോൾ കോടതിതന്നെയാണു കേസിൽ കക്ഷിചേരാൻ നിർദേശിച്ചതെന്നു സ്വാമി വാദിച്ചു. ഇടപെടാൻ അനുവദിക്കില്ലെങ്കിൽ, റിട്ട് ഹർജി വീണ്ടും പരിഗണിക്കണം. തർക്കഭൂമി തികച്ചും മതനിരപേക്ഷമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നാണു ബെനഗലും ടീസ്റ്റയുമുൾപ്പെടെ 32 പേർ ആവശ്യപ്പെട്ടത്. കേസിൽ നേരിട്ടു കക്ഷികളല്ലാത്തവരുടെ അപേക്ഷകൾ അനുവദിക്കരുതെന്നു യുപി സർക്കാരിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

related stories