Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് ഗാന്ധി കേസ്: പേരറിവാളന്റെ ശിക്ഷ പിൻവലിക്കില്ല,ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സിബിഐ

Rajiv Gandhi

ന്യൂഡൽഹി∙ രാജീവ് ഗാന്ധി വധക്കേസിൽ തന്നെ ശിക്ഷിച്ചതു ശരിവച്ച് 1999 മേയിൽ നൽകിയ വിധി പിൻ‍വലിക്കണമെന്ന എ.ജി. പേരറിവാളന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. എന്നാൽ, രാജീവ് ഗാന്ധിയെ കൊല്ലാൻ ഉപയോഗിച്ച ബോംബിന്റെ നിർമാണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുംവരെ തന്റെ ശിക്ഷ ഒഴിവാക്കണമെന്ന പേരറിവാളന്റെ ഹർജി പരിഗണിക്കുമെന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

കേസിലെ പ്രതികളിൽ നിലവിൽ കൊളംബോ ജയിലിലുള്ള നിക്സൺ എന്ന സുരയെ ചോദ്യം ചെയ്യുന്നതിന് അനുമതി ചോദിച്ചു ശ്രീലങ്കയ്ക്കു നൽകിയ കത്തിന്റെ പുരോഗതിയെക്കുറിച്ചു നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മൾട്ടി ഡിസിപ്ളിനറി മോനിട്ടറിങ് ഏജൻസിയോടു (എംഡിഎംഎ) കോടതി നിർദേശിച്ചു. കേസിലെ പ്രതികളിൽ പേരറിവാളൻ, മുരുകൻ, ശാന്തൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി 1999 മേയിൽ ശരിവച്ചു. നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കാൻ പിറ്റേവർ‍ഷം തമിഴ്നാട് ഗവർണർ തീരുമാനിച്ചു. ദയാഹർജി തീർപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്തു പേരറിവാളന്റെയും മറ്റു രണ്ടുപേരുടെയും വധശിക്ഷ 2014 ഫെബ്രുവരി 18നു സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു.

വധത്തിനുള്ള ഗൂഢാലോചനയിൽ പേരറിവാളനുള്ള പങ്കു വ്യക്തമായി തെളിഞ്ഞിട്ടുള്ളതാണെന്നു സിബിഐയ്ക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് വാദിച്ചു. ബോംബിൽ ഉപയോഗിച്ച ബാറ്ററികൾ വാങ്ങിയെന്നതു മാത്രമല്ല പങ്ക്. പേരറിവാളൻ 1990 ജൂണിൽ ജാഫ്നയിൽ പോയിരുന്നു. തമിഴ്നാട്ടിൽ 1991 മേയ് ഏഴിനു മുൻ പ്രധാനമന്ത്രി വി.പി.സിങ് പങ്കെടുത്ത റാലിയിൽ, ഗൂഢാലോചനയിൽ പങ്കുള്ള മറ്റുള്ളവർക്കൊപ്പം പേരറിവാളനുമുണ്ടായിരുന്നു. എന്നാൽ, അന്നു തന്റെ കക്ഷിക്കു 19 വയസ്സാണു പ്രായമെന്നും എന്താണു ചെയ്യുന്നതെന്നോ ബാറ്ററികൾ എന്തിനാണെന്നോ അറിയില്ലായിരുന്നുവെന്നും പേരറിവാളനുവേണ്ടി ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. എന്നാൽ പേരറിവാളൻ ഇലക്ട്രോണിക്സ് എൻജിനീയറാണെന്നും ബാറ്ററികൾ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയാമായിരുന്നുവെന്നും കോടതി പ്രതികരിച്ചു.