Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയിൽ പുതിയ രാഷ്ട്രീയ പ്രണയം; ടിഡിപിയും കോൺഗ്രസും കൈകോർക്കുന്നു

Chandrababu Naidu, Rahul Gandhi

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നു പറയുന്നതു വെറുതെയല്ലെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. ഇത്തവണ സാക്ഷ്യം, ആന്ധ്രാപ്രദേശിൽ നിന്ന്. ദേശീയ ജനാധിപത്യ സംഖ്യം (എൻഡിഎ) വിട്ട ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ഇപ്പോൾ പുഞ്ചിരിക്കുന്നതു രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും നേരെയാണ്.

മൂന്നു പതിറ്റാണ്ടിലേറെ ബദ്ധവൈരികളായി നിന്ന പാർട്ടികൾ. ടിഡിപിയുടെ ജനനം തന്നെ കോൺഗ്രസ് വിരുദ്ധ വികാരത്തിൽ നിന്നാണ്. സംസ്ഥാന ഭരണത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അമിതമായ ഇടപെടലിനെതിരെ പ്രാദേശിക വികാരമുണർത്തിയാണ് തെലുങ്കു സിനിമയിലെ ഇതിഹാസ നായകനായിരുന്ന എൻ.ടി. രാമറാവു 1982ൽ ടിഡിപി രൂപീകരിച്ചത്. രാമറാവു ഉയർത്തിയ ‘തെലുഗു ആത്മാഭിമാനം’ കോൺഗ്രസിനെ തൂത്തെറിഞ്ഞു ടിഡിപിയെ ഭരണത്തിലെത്തിച്ചു. പക്ഷേ, ഭൂതകാല ബന്ധങ്ങൾക്കു വർത്തമാന രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. ഇന്നലെ തോളിൽ കയ്യിട്ടു നടന്നവർ ഇന്നു കടിച്ചുകീറും. ഇന്നലെ പോരടിച്ചവർ ഇന്നു കെട്ടിപ്പിടിക്കും. ആന്ധ്രയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതും ഇങ്ങനെതന്നെ.

കൂട്ടാളികളായിരുന്ന ബിജെപിയും നടൻ പവൻ കല്യാണിന്റെ ജനസേനയും എതിരായപ്പോൾ, കോൺഗ്രസിന്റെ ‘സ്നേഹപ്രകടനം’ നായിഡുവിന് ആശ്വാസമാകാതിരിക്കില്ല. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെയാണു ടിഡിപി എൻഡിഎയിൽനിന്നു പുറത്തു വന്നത്. അതിനകം വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് അടക്കം എൻഡിഎ വിരുദ്ധ പാർട്ടികളുടെ പിന്തുണയ്ക്കു ജഗൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് നിലപാടു വ്യക്തമാക്കിയില്ല. എന്നാൽ, ടിഡിപിയും അവിശ്വാസപ്രമേയത്തെ അനുകൂലിക്കാൻ തയാറായി നിമിഷങ്ങൾക്കകം കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചുവെന്നു മാത്രമല്ല, അടുപ്പമുള്ള മറ്റു പ്രാദേശിക കക്ഷികളെ കൂട്ടാൻ ശ്രമമാരംഭിക്കുകയും ചെയ്തു. രണ്ടു പാർട്ടികൾക്കും ഈ ബന്ധം ആവശ്യമാണ്.

ആന്ധ്ര–തെലങ്കാന വിഭജനത്തോടെ ആന്ധ്രയിൽ കോൺഗ്രസ് തകർന്നതാണ്. ടിഡിപി ആകട്ടെ, സംസ്ഥാനത്തിനു പ്രത്യേക പദവി നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലും. നായിഡു ശേഷിയില്ലാത്ത നേതാവാണെന്നു വൈഎസ്ആർ കോൺഗ്രസ് നിരന്തരം പ്രചരിപ്പിക്കുന്നു. പവൻ കല്യാൺ ആകട്ടെ, ടിഡിപി രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമാക്കി ആന്ധ്രയെ മാറ്റിയെന്ന് ആരോപിക്കുന്നു. അടുത്ത വർഷം സംസ്ഥാന തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, നായിഡുവിനു പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങൾ വേണ്ടിവരും; സഖ്യങ്ങളും. ആന്ധ്രയ്ക്കു പ്രത്യേക പദവിയെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ച കോൺഗ്രസിനോടു നായിഡു അടുക്കുന്നതു സ്വാഭാവികം.

പ്രത്യേക പദവി സംസ്ഥാനങ്ങൾ

ഭരണഘടനാപരമായ അവകാശമല്ലെങ്കിലും സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥകൾ പരിഗണിച്ചു സംസ്ഥാനങ്ങൾക്കു പ്രത്യേക പദവി നൽകിവരുന്നു. നിലവിൽ ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം, അസം, ത്രിപുര, മേഘാലയ, അരുണാചൽപ്രദേശ്, മണിപ്പുർ, നാഗാലാൻഡ്, മിസോറം എന്നീ 11 സംസ്ഥാനങ്ങൾക്ക് ആ പദവിയുണ്ട്. കേന്ദ്ര സഹായത്തിന്റെ 30% ഈ സംസ്ഥാനങ്ങൾക്കു നൽകുന്നു.

എന്തുകൊണ്ട് ആന്ധ്രപ്രദേശ് ?

ആന്ധ്രപ്രദേശ് സംസ്ഥാന പുനഃസംഘടനാ ബിൽ രാജ്യസഭയിൽ ചർച്ചയ്ക്കെത്തിയപ്പോൾ 2014 ഫെബ്രുവരി 20ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, സംസ്ഥാന വിഭജനത്തെ തുടർന്നുള്ള അഞ്ചു വർഷത്തേക്ക് ആന്ധ്രയ്ക്കു പ്രത്യേക പദവി ഉറപ്പുനൽകിയിരുന്നു. പുതിയതായി രൂപീകൃതമായ തെലങ്കാനയ്ക്കു ഹൈദരാബാദ് കൈമാറേണ്ടി വരുന്ന സാഹചര്യത്തിൽ ഉണ്ടാവുന്ന ഭീമമായ വരുമാനനഷ്ടം കണക്കിലെടുത്തായിരുന്നു വാഗ്ദാനം.

ആരൊക്കെ എവിടെയൊക്കെ? അവിശ്വാസത്തിലറിയാം

എൻഡിഎ സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണെങ്കിലും വിവിധ കക്ഷികൾ എവിടെയൊക്കെ നിൽക്കുന്നുവെന്നു തിരിച്ചറിയാനുള്ള അവസരമാണിത്. ലോക്സഭയിൽ നിലവിലെ അഞ്ച് ഒഴിവുകളും സ്പീക്കറും ഒഴികെ അംഗസംഖ്യ 539 ആണ്. എൻഡിഎയ്ക്കു 315 എംപിമാരുണ്ട്. എന്നാൽ, ഇവരിൽ 18 പേരുള്ള ശിവസേന സർക്കാരിനെതിരെ വോട്ട് ചെയ്തേക്കും.

അവിശ്വാസപ്രമേയ നോട്ടിസ് നൽകിയ ടിഡിപിക്ക് 16 എംപിമാരാണുള്ളത്. വൈഎസ്ആർ കോൺഗ്രസിന് ഒൻപതും. 70 അംഗങ്ങളുള്ള യുപിഎയിൽ എൻസിപിയുടെ ആറുപേർ കോൺഗ്രസിനൊപ്പമായിരിക്കുമെന്നാണു സൂചന. 34 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് പ്രമേയത്തെ പിന്തുണയ്ക്കും. സിപിഎം (9), സിപിഐ (1), ആം ആദ്മി പാർട്ടി (4) എന്നിവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന രാഷ്ട്ര സമിതി (11) പ്രമേയത്തിന് എതിരാണ്. എഐഎഡിഎംകെയും (37 ) 20 എംപിമാരുള്ള ബിജെഡിയുമാണ് രണ്ടു മുന്നണികളിലുമില്ലാതെ നിൽക്കുന്ന വലിയ പാർട്ടികൾ. ഇരു പാർട്ടികളും വിട്ടുനിൽക്കാനാണു സാധ്യത.