Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പൽപ്പാതയ്ക്കായി രാമസേതു പൊളിക്കില്ലെന്ന് കേന്ദ്രം

Ramsethu

ന്യൂഡൽഹി∙ രാമസേതുവിനു ക്ഷതമേൽക്കാത്ത വിധത്തിലാവും സേതുസമുദ്രം കപ്പൽപാതാ പദ്ധതി നടപ്പാക്കുകയെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. രാമസേതുവിനെ ബാധിക്കാത്ത വിധത്തിലാവും പദ്ധതി നടപ്പാക്കുകയെന്നാണു നേരത്തേ യുപിഎ സർക്കാരും കോടതിയോടു പറഞ്ഞത്. മന്നാർ ഗൾഫിനെയും ബംഗാൾ ഉൾക്കടലിനെയും ബന്ധിപ്പിച്ചു കപ്പൽപാത നിർമിക്കാനുള്ള പദ്ധതിക്കു 2005 മേയ് 19നു കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകിയിരുന്നു. അന്നു 2427 കോടി രൂപയാണു ചെലവു കണക്കാക്കിയത്. തുടർന്നു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുൾപ്പെടെ ഏതാനും പേർ ഹർജി നൽകി. 2007ൽ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ രണ്ടു സത്യവാങ്മൂലങ്ങൾ വിവാദമായി. അവ പിൻവലിച്ചപ്പോഴാണു രാമസേതുവിനു ക്ഷതമേൽക്കാത്ത വിധമാവും പദ്ധതി നടപ്പാക്കുകയെന്നു 2007 സെപ്റ്റംബർ 14നു സർക്കാർ വ്യക്തമാക്കിയത്. എന്നാൽ‍, ഹർജികൾ ഇതുവരെയും തീർപ്പാക്കിയിരുന്നില്ല.

പദ്ധതിയെക്കുറിച്ചു പഠിക്കാൻ 2008 ജൂലൈയിൽ നിയോഗിക്കപ്പെട്ട ആർ.കെ.പച്ചൗരി സമിതി, രാമസേതു സംരക്ഷിച്ചു പദ്ധതി നടപ്പാക്കുന്നതു ഗുണകരമല്ലെന്നു വ്യക്തമാക്കി. എന്നാൽ‍, പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു 2013ൽ സർക്കാർ കോടതിയെ അറിയിച്ചു. കഴിഞ്ഞ നവംബറിൽ കേസ് പരിഗണിച്ചപ്പോൾ, രാമസേതുവിനു ക്ഷതമേൽപിക്കാതെയാവും പദ്ധതി നടപ്പാക്കുകയെന്നു സർക്കാർ പാർലമെന്റിനെ അറിയിച്ചിട്ടുണ്ടെന്നും കേസുകൾ അവസാനിപ്പിക്കാവുന്നതാണെന്നും സുബ്രഹ്മണ്യൻ സ്വാമി വാദിച്ചു. എന്നാൽ, സർക്കാരിന്റെ നിലപാടു വ്യക്തമാകേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. അതനുസരിച്ചാണു കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തിലൂടെ സർക്കാർ നിലപാട് ആവർത്തിച്ചത്. രാമസേതുവിനെ ദേശീയ പൈതൃകമായി പ്രഖ്യാപിക്കാൻ കോടതിയെ സമീപിക്കുമെന്നു സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. 

Ramsethu

പുരാണസമൃദ്ധം, വിവാദപ്പാലം.

രാമസേതു

ആഡംസ് ബ്രിജ് എന്നും വിളിപ്പേര് 

നീളം 50 കിലോമീറ്റർ 

തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിൽനിന്നു തുടങ്ങി ശ്രീലങ്കയിലെ മന്നാർ ദ്വീപിൽ അവസാനിക്കുന്ന, ചുണ്ണാമ്പുകല്ലു പാത. രാമായണത്തിലെ വിവരണപ്രകാരം, രാവണൻ റാഞ്ചിയ സീതയെ അന്വേഷിച്ചുള്ള യാത്രയ്ക്കു കടൽ കടക്കാൻ ശ്രീരാമന്റെ വാനരപ്പട നിർമിച്ച പാലം. 

സേതുസമുദ്രം പദ്ധതി 

ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്പൽപ്പാത 

പുതിയ പദ്ധതി എന്തുകൊണ്ട്? 

മന്നാർ ഗൾഫ് ഇടുങ്ങിയതും ആഴം കുറഞ്ഞതുമായതിനാൽ അറബിക്കടലിൽ‍നിന്ന് ഇന്ത്യയിലെ കിഴക്കൻ തുറമുഖങ്ങളിലേക്കു പോകുന്ന കപ്പലുകൾ ശ്രീലങ്കയെ വലംവയ്ക്കുന്ന സ്ഥിതിയാണിപ്പോൾ. സേതുസമുദ്രം പാതയിലൂടെ യാത്ര ചെയ്താൽ‍ 36 മണിക്കൂറും 424 നാവിക മൈൽ ദൂരവും ലാഭിക്കാമെന്നു കണക്കാക്കുന്നു. 

പദ്ധതി ആശയം ഒന്നര നൂറ്റാണ്ടു മുൻപേ

സേതുസമുദ്രം പദ്ധതിയെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് 1860ൽ. 1955ൽ ജവാഹർലാൽ നെഹ്റു മന്ത്രിസഭ പദ്ധതിക്കു പച്ചക്കൊടി കാട്ടി. 1955ലും 1983ലും 1996ലും 2008ലുമായി നാലു തവണ പദ്ധതിയെക്കുറിച്ചു പഠനം നടന്നു. 

വിവാദപ്പാലമായത് 

2005ൽ കപ്പൽപ്പാത പദ്ധതി യുപിഎ സർക്കാർ അംഗീകാരം നൽകിയതു മുതൽ. രാമസേതു കടന്നുപോകുന്ന ചിലയിടങ്ങളിൽ ഡ്രജിങ് വേണ്ടിവരുമെന്നതാണു പ്രതിഷേധം സൃഷ്ടിച്ചത്. 

related stories