Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിസന്ധി നേരിടാൻ ഇനിയും കഴിയും; ആവേശം പകർന്ന് മൻമോഹനും പി. ചിദംബരവും

manmohan-singh

ന്യൂഡൽഹി ∙ നാടിനെ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റിയതാണു ഞങ്ങളുടെ ചരിത്രം, ഇനിയും ഞങ്ങൾക്ക് അതിനു കഴിയും – എഐസിസി സമ്പൂർണ സമ്മേളനത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ ധനമന്ത്രി പി. ചിദംബരവും പറഞ്ഞു. തുല്യാവസരം നൽകുന്ന നയത്തിലൂടെ സമഗ്രവികസനം ഉറപ്പാക്കുമെന്നു സാമ്പത്തിക പ്രമേയത്തിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തു. സാധാരണക്കാരനു മുൻഗണന നൽകുന്ന, വളർച്ചയിലൂന്നിയ സാമ്പത്തിക നയം തുടരും.

∙ എൻഡിഎയുടെ കപടവാഗ്ദാനങ്ങൾ: മൻമോഹൻ

കാർഷിക മേഖലയിലെ വരുമാനം ആറുവർഷം കൊണ്ട് ഇരട്ടിയാകണമെങ്കിൽ ആഭ്യന്തര ഉൽപാദന വളർച്ച 12 ശതമാനത്തിലെത്തണം. ഇത് അസാധ്യം. ‘രണ്ടു കോടി തൊഴിൽ’ വാഗ്ദാ‌നം മാത്രമായി തുടരുന്നു. യുപിഎ ഊന്നൽ നൽകിയത് അവകാശാധിഷ്ഠിത നിയമനിർമാണങ്ങൾക്കാണ്. വിവരാവകാശ, വിദ്യാഭ്യാസാവകാശ, ഭക്ഷ്യസുരക്ഷാ, തൊഴിലുറപ്പ് നിയമങ്ങൾ അതിന്റെ ഭാഗമായിരുന്നു. യുപിഎയുടെ 10 വർഷം വളർച്ചാനിരക്ക് 7.8%. സാ‌മൂഹികസുരക്ഷാ നിയമങ്ങൾക്കു കരുത്തായത് ഈ വളർച്ചയാണ്. ആഗോള വളർച്ചാ ശരാശരി 3.8 ശതമാനമായി വർധിച്ചപ്പോൾ ഇന്ത്യയുടെ വളർച്ചാനിരക്കു കുറഞ്ഞെങ്കിൽ അടിസ്ഥാനപരമായ പാളിച്ചയുണ്ട്. എൻഡിഎ ഒടുവിൽ പുറത്തിറക്കിയ സാമ്പത്തിക സർവേ വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക, തൊഴിൽ മേഖലകളിൽ തിരിച്ചടിയുണ്ടായെന്നു സമ്മതിക്കുന്നു. അതായത്, ഇ‌‌ന്ത്യ വെല്ലുവിളികളുടെ നാൽക്കവലയിലാണ്–മൻമോഹൻ സിങ് പറഞ്ഞു.

∙ ഇനിയും ഞങ്ങൾക്കതിനാവും: ചിദംബരം

‘ഇനിയും ഞങ്ങൾക്ക് അതിനാവു’മെന്ന ചിദംബരത്തിന്റെ തുടർപ്രഖ്യാപനങ്ങൾ ‘മാറ്റത്തിനു സമയമായെ’ന്ന സമ്മേളന മുദ്രാവാക്യം പോലെ പ്രവർത്തകരെ ആവേശഭരിതരാക്കി. കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കഴിഞ്ഞ നാലുവർഷം ഒന്നും ചെയ്യാനാവാതിരുന്ന നിങ്ങൾ എന്തു ചെയ്യുകയായിരുന്നു? ‌ചിദംബരം കേന്ദ്ര സർക്കാരിനോടു ചോദിച്ചു. നോട്ട് നിരോധനം വലിയൊരു നുണയായിരുന്നു. കള്ളപ്പണം രാ‌ജ്യത്ത് ഇല്ലാതായെങ്കിൽ ബിജെപി നടത്തുന്ന വൻ സമ്മേളനങ്ങൾക്കു പണം എവിടെ നിന്ന്? സർക്കാരിന്റെ പിടിപ്പുകേടു കാരണം ജിഎസ്ടി രാ‌ജ്യത്തു പരാജയപ്പെട്ടിരിക്കുന്നു. 72,000 കോടി രൂപയുടെ കാർഷിക കടം ഞങ്ങൾ എഴുതിത്തള്ളി. ഇനിയും ഞങ്ങൾക്ക് അതിനു കഴിയും. ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധിക്കു സുചിന്തിത സാമ്പത്തിക നിലപാടുകളിലൂടെ ഞ‌ങ്ങൾ പരിഹാരം ക‌ണ്ടു. ഇനിയും ഞ‌ങ്ങൾക്ക് അതി‌നാവും. 14 കോടി ജനങ്ങളെ ഞങ്ങൾ ദാരിദ്ര്യത്തിൽനിന്നു കരകയറ്റി. ദരിദ്രരുടെ എണ്ണം പെരുകുന്ന രാജ്യത്തിന്റെ രക്ഷയ്ക്കെത്താൻ ഇനിയും ഞ‌ങ്ങൾക്കാവും – ചിദംബരം പറഞ്ഞു.

സാമ്പത്തിക പ്രമേയത്തിന് അംഗീകാരം

ന്യൂഡൽഹി ∙ സൂനാമി ദുരന്തത്തിനു ശേഷം പ്രതിസന്ധിയിലായ മത്സ്യമേഖലയെ കരകയ‌റ്റാൻ കോൺഗ്രസ് മുൻകയ്യെടുക്കുമെന്ന ഭേദഗതി നിർദേശത്തോടെ എഐസിസി സാമ്പത്തിക പ്രമേയത്തിന് അംഗീകാരം. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് അധ്യക്ഷൻ ടി.എൻ. പ്രതാപൻ നിർദേശിച്ച നിർദേശം മുൻ ധനമന്ത്രി പി.ചിദംബരമാണു പ്ര‌തിനിധികൾക്കു മുന്നിൽ സമർപ്പിച്ചത്.

related stories