Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ദുവിന്റെ ചിരിബാറ്റിങ്ങിലും മൻമോഹന് ഗൗരവം; വിക്കറ്റെടുത്ത് സോണിയ

sonia-manmohan-smile ഒന്നു ചിരിക്കൂ മൻമോഹൻജീ! നവജ്യോത്‌ സിങ് സിദ്ദുവിന്റെ ഫലിതം കേട്ട് ഡോ. മൻമോഹൻസിങ്ങിനെ തൊട്ടു ചിരിപ്പിക്കാൻ ശ്രമിക്കുന്ന സോണിയ ഗാന്ധി.

ന്യൂഡൽഹി ∙ തമാശ കേട്ടിട്ടും ഗൗരവം തുടർന്ന മൻമോഹനെ ചിരിപ്പിച്ച് സോണിയയുടെ സമയോചിത ഇടപെടൽ. എഐസിസി പ്ലീനറി സമ്മേളനത്തിൽ പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത്‌ സിങ് സിദ്ദുവിന്റെ ഉശിരൻ പ്രസംഗത്തിനിടെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് ചിരിക്കുന്ന സുന്ദരകാഴ്ച വീണുകിട്ടിയത്. പ്രാസമൊപ്പിച്ചുള്ള വാചകങ്ങളുമായി കത്തിക്കയറിയ സിദ്ദുവിന്റെ ഹിന്ദി പ്രസംഗത്തിനു സദസ്സിൽ വലിയ കയ്യടിയായിരുന്നു.

ക്രിക്കറ്റ് ബാറ്റ് വീശുന്ന ആംഗ്യത്തോടെ വേദിയിലേക്കു ചാടിക്കയറിയ അദ്ദേഹം, പിന്നീടുള്ള 20 മിനിറ്റ് സദസ്സിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചപ്പോൾ മുൻനിരയിലിരുന്ന പാർട്ടി മുൻ അധ്യക്ഷ സോണിയാ ഗാന്ധി പലപ്പോഴും കണ്ണിറുക്കി പൊട്ടിച്ചിരിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെക്കുറിച്ചു തമാശ പറഞ്ഞപ്പോഴും നേതാക്കളെല്ലാം കുലുങ്ങിച്ചിരിച്ചു. പക്ഷേ, അപ്പോഴും തൊട്ടപ്പുറത്തിരുന്ന മൻമോഹൻ ഭാവവ്യത്യാസമൊന്നുമില്ലാതെ ഇരിക്കുന്നതു കണ്ട സോണിയ അദ്ദേഹത്തെ തൊട്ടു ചിരിപ്പിച്ചതാണ് സദസ്സിലെ മനോഹരമായ കാഴ്ചയായത്.

ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പലയിടത്തായി വച്ചിരുന്ന വലിയ സ്ക്രീനുകൾ പുഞ്ചിരിക്കുന്ന മൻമോഹന്റെ ദൃശ്യം പലകുറി കാണിച്ചു. പ്രസംഗം ഏഴു മിനിറ്റിൽ കൂടിയാൽ, അവസാനിപ്പിക്കാൻ മണിമുഴക്കുന്ന രീതി സിദ്ദുവിന്റെ കാര്യത്തിൽ മാറ്റിവച്ചതും കൗതുകമായി. യുപിഎ സർക്കാരിന്റെ കാലത്തു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കുതിരയെപ്പോലെ കുതിച്ചുവെന്നു പറഞ്ഞപ്പോൾ കുതിരക്കുളമ്പടി ശബ്ദമിട്ട് സിദ്ദു മിമിക്രി താരമായി.

മോദിയുടെ ഭരണത്തിനു കീഴിൽ അത് ആമയെ പോലെയായി എന്നു പറഞ്ഞപ്പോൾ, ഇരുകൈകളും ചേർത്തുവച്ച് ആമയെ അനുകരിച്ചു. പരിഹാസ പ്രയോഗങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം സിക്സിനു പറത്തി. തന്റെ അമ്മ കോൺഗ്രസ് പ്രവർത്തകയായിരുന്നുവെന്നും പാർട്ടിയിൽ ചേർന്നതു തന്റെ ഘർ വാപസിയാണെന്നും പറഞ്ഞാണ് സിദ്ദു പ്രസംഗം അവസാനിപ്പിച്ചത്. വീണ്ടും പ്രസംഗിക്കണമെന്നാവശ്യപ്പെട്ട് ‘വൺസ് മോർ’ വിളികൾ സദസ്സിൽ മുഴങ്ങി. സമാപന ദിനത്തിലെ ‘മാൻ ഓഫ് ദ് മാച്ച്’ സിദ്ദു തന്നെ!

related stories