Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡിഗോ വിമാനങ്ങളിൽ വീണ്ടും സാങ്കേതികപ്പിഴവ്

Indigo

മുംബൈ∙ ഇൻഡിഗോ വിമാനങ്ങളിൽ പ്രതിസന്ധി തുടർക്കഥയാകുന്നു. ബാംഗ്ലൂർ– ന്യൂഡൽഹി എ 320 നിയോ വിമാനത്തിന്റെ എൻജിൻ ഓയിലിൽ ലോഹച്ചീളുകൾ കണ്ടെത്തിയതിനാൽ‌ ഡൽഹി വിമാനത്താവളത്തിൽ യാത്ര അവസാനിപ്പിച്ചു. ഡൽഹി –ശ്രീനഗർ സർവീസ് നടത്തുന്ന മറ്റൊരു എ 320 നിയോ വിമാനത്തിന്റെ രണ്ടാമത്തെ എൻജിനിൽ കുഴപ്പം കണ്ടെത്തി.

കുറച്ചുദിവസങ്ങൾക്കിടെ ഇതു നാലാം തവണയാണ് ഇൻഡിഗോ വിമാനങ്ങളെ തകരാർ വലയ്ക്കുന്നത്. അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ (പിഡബ്ല്യു) എൻജിനുകളിൽ തകരാർ കണ്ടെത്തിയതോടെ, ഇവ ഘടിപ്പിച്ച 11 എ 320 നിയോ മോഡൽ വിമാനങ്ങൾ സർവീസിൽ നിന്നു ഒഴിവാക്കാൻ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.

ഇവയിൽ ഇൻഡിഗോയുടെ എട്ടു വിമാനങ്ങളും ഗോഎയറിന്റെ മൂന്നും ഉൾപ്പെടും. ഇതെത്തുടർന്ന് അറുന്നൂറിലേറെ സർവീസുകൾ ഈ മാസം നിർത്തലാക്കിയിരുന്നു. എ 320 നിയോ മോഡൽ വിമാനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് മുംബൈ സ്വദേശി ഹരീഷ് അഗർവാൾ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഡിജിസിഎ സത്യവാങ്മൂലം നൽകാനിരിക്കെയാണു പുതിയ സംഭവം.