Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയറക്ടർമാർ ഇനി പാസ്പോർട്ട് വിവരം നൽകണം

ന്യൂ‍ഡൽഹി∙ വായ്പാക്കുടിശിക വരുത്തിയ കമ്പനി ഡയറക്ടർമാർ രാജ്യം വിട്ടുപോകുന്നതു തടയാൻ എല്ലാ കമ്പനികളിലെയും ഡയറക്ടർമാരുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുന്ന കാര്യം കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ പരിഗണനയിൽ. എട്ടക്ക ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിൻ) ലഭിക്കുന്നതിനായി സമർപ്പിക്കുന്ന അപേക്ഷാഫോമിൽ ഇനി ഇതിനായി പ്രത്യേക കോളം ഉൾപ്പെടുത്തുവാനാണ് ആലോചന. പാസ്പോർട്ട് ഇല്ലാത്തവർ അതു കാണിച്ചു പ്രത്യേക സർട്ടിഫിക്കറ്റ് നൽകണം.

പാസ്പോർട്ട് വിവരങ്ങളില്ലാതിരുന്നതിനാൽ നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ, ജതിൻ മേത്ത തുടങ്ങിയ വൻ കുടിശികക്കാർ രാജ്യം വിടുന്നതു തടയാൻ കഴിഞ്ഞില്ല. 45 ദിവസത്തിനു മേൽ കാലാവധിയുള്ളതും 50 കോടി രൂപയിലേറെ വരുന്നതുമായ വായ്പ എടുക്കുന്നവരിൽ നിന്നു പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കാൻ ധനമന്ത്രാലയം ബാങ്കുകൾക്കു കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. രാജ്യംവിട്ട കുടിശികക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടി വിൽക്കുന്നതിനായുള്ള ബില്ലും കഴിഞ്ഞ ദിവസം സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു.