Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ആശയങ്ങളുടെ ആഘോഷവേദിയായി രാഷ്ട്രപതി ഭവൻ

ന്യൂഡൽഹി ∙ ആശയങ്ങളുടെ ആഘോഷത്തിനു വേദിയൊരുക്കി രാഷ്ട്രപതി ഭവനിൽ തുടങ്ങിയ ഫെസ്റ്റിവൽ ഓഫ് ഇന്നൊവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ്പിൽ (ഫൈൻ) പങ്കെടുക്കുന്നത് ഇരുന്നൂറോളം പേർ. കേരളത്തിൽനിന്ന് അഞ്ചുപേരുണ്ട്. നാഷനൽ ഇന്നൊവേഷൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.

വിറകു ഫലപ്രദമായി കത്തിച്ച്, ഊർജം വർധിപ്പിക്കാനും പുക കുറയ്ക്കാനും സൗകര്യമുള്ള അടുപ്പാണു കോഴിക്കോട് കൊയിലാണ്ടി സ്വദേശി വി. ജയപ്രകാശ് അവതരിപ്പിച്ചത്. പുകയും ഊർജമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയാണ് ഈ അടുപ്പിന്റെ തലയെടുപ്പ്. സിയോൺ മുണ്ടി എന്ന കുരുമുളക് ഇനവുമായാണ് ഇടുക്കി വണ്ണപ്പുറം പുളിയൻമാക്കൽ പി.ജി. ജോർജ് എത്തിയത്. കോട്ടമുണ്ടി, നീലമുണ്ടി എന്നീ കുരുമുളക് ഇനങ്ങളെ സംയോജിപ്പിച്ചു തയാറാക്കിയ ഈ ഇനം മികച്ച വിളവു നൽകുന്നതും പ്രതിരോധശേഷിയുള്ളതുമാണ്. താങ്ങ് ആവശ്യമില്ലാത്ത, ‘കുരുമുളക് മര’വും ഇദ്ദേഹം അവതരിപ്പിക്കുന്നു.

ചെരിപ്പുറത്ത് എന്ന ജാതിക്കയാണു കോട്ടയം പൊൻകുന്നം ചെങ്ങളം സ്വദേശി ടോം സി. ആന്റണി പരിചയപ്പെടുത്തുന്നത്. തൂക്കം കൂടുതലുള്ള ഇവ കൂടുതൽ ആദായം നൽകുന്നു. ഇരുചക്ര വാഹന അപകടം കുറയ്ക്കാനുള്ള സെൻസർ വിദ്യയുമായാണു കൊച്ചി നേവൽ ചിൽഡ്രൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഗായത്രി സോമശേഖറും സഹോദരനും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുമായ പ്രണവും എത്തിയത്. ഇരുചക്ര വാഹനം അൽപം ചെരിഞ്ഞാൽ അപായ സിഗ്നൽ നൽകുന്ന ഈ സെൻസർ, പിന്നിലുള്ള വാഹനങ്ങൾക്കു മുന്നറിയിപ്പു നൽകുന്നു.

ആലപ്പുഴ സ്വദേശി ആദിത്യ ചന്ദ്രപ്രകാശിന്റെ പരിസ്ഥിതി സൗഹൃദ വിറകടുപ്പും പ്രദർശനത്തിലുണ്ട്. എഴുതുമ്പോൾ വാക്കുകൾ എത്രയുണ്ടെന്ന് എണ്ണിപ്പറയുന്ന ഇലക്ട്രിക് പേനയാണു ജമ്മു കശ്മീർ സ്വദേശിയും മൂന്നാം ക്ലാസുകാരനുമായ മുസഫർ അഹമ്മദ് ഖാന്റെ കണ്ടെത്തൽ. വിവിധ വർഷങ്ങളിൽ ഇന്നൊവേഷൻ പുരസ്കാരം നേടിയ വിദ്യാർഥികളും മുതിർന്നവരുമാണ് ഇത്തവണ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. 23നു സമാപിക്കും.