Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടികജാതി പീഡനം ബോധ്യപ്പെടാതെ അറസ്റ്റ് വേണ്ടെന്ന് സുപ്രീം കോടതി

Supreme Court of India

ന്യൂഡൽഹി ∙ പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നതൊഴിവാക്കാൻ സുപ്രീം കോടതി ഇടപെടൽ. വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തിൽ തന്നെ നിലനിൽക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളിൽ ഉടൻ അറസ്റ്റ് നിബന്ധന ബാധകമല്ലെന്നു ജസ്റ്റിസുമാരായ യു.യു.ലളിത്, ആദർശ് ഗോയൽ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം നിഷേധിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഉടൻ അറസ്റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെയും സത്യസന്ധരായ പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കുടുക്കിയതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിത്.

ഉദ്യോഗസ്ഥരെ അവരുടെ നിയമനാധികാരിയുടെയും മറ്റുള്ളവരെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും അനുമതിയോടെയും മാത്രമേ ഇത്തരം കേസുകളിൽ ഇനി അറസ്റ്റ് ചെയ്യാൻ പാടുള്ളൂ. മജിസ്ട്രേട്ട് രേഖകൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ മാത്രമേ അവരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവു നൽകാവൂ. നിയമത്തിൽ വെള്ളം ചേർക്കുകയല്ലെന്നും അവയുടെ ദുരുപയോഗം തടയുകയാണു ലക്ഷ്യമിടുന്നതെന്നും കോടതി വ്യക്തമാക്കി. ഇത്തരം പരാതികളിൽ ഡിഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പ്രാഥമികാന്വേഷണം നടത്തി പരാതി ന്യായമാണെന്നു കണ്ടാൽ മാത്രമേ നടപടികളിലേക്കു പോകാവൂ എന്നും കോടതി വ്യക്തമാക്കി.

related stories