Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിൽ ഫെയ്സ് ബുക് ദുരുപയോഗിച്ചാൽ നടപടി: മന്ത്രി

Facebook

ന്യൂഡൽഹി∙ രാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയയെ സ്വാധീനിക്കാൻ ഫെയ്സ് ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ അനഭിലഷണീയ മാർഗങ്ങൾ ഉപയോഗിച്ചാൽ കർശന നടപടിയെടുക്കുമെന്നു കേന്ദ്ര ഐടി, നിയമ മന്ത്രി രവിശങ്കർ പ്രസാദിന്റെ മുന്നറിയിപ്പ്. മാധ്യമ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സർക്കാർ പൂർണമായും പിന്തുണയ്ക്കുമെങ്കിലും തിരഞ്ഞെടുപ്പിൽ അനഭിലഷണീയമായ ഇടപെടൽ അനുവദിക്കില്ല.

ഫെയ്സ് ബുക് മുഖേന ഇന്ത്യക്കാരുടെ വിവരങ്ങൾ ചോരുകയാണെങ്കിൽ ഫെയ്സ് ബുക് സിഇഒ മാർക്ക് സുക്കർബർഗിനെ വിളിച്ചുവരുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ഐടി നിയമപ്രകാരം അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‌രാഹുൽ ഗാന്ധിയുടെ സമൂഹമാധ്യമ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിൽ കേംബ്രിജ് അനലിറ്റിക ഏജൻസിയുടെ പങ്ക് വെളിപ്പെടുത്താൻ കോൺഗ്രസ് തയാറാകണമെന്നു രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

ഫെയ്സ് ബുക്കിൽ നിന്നു വിവരങ്ങൾ ചോർത്തലും രാഷ്ട്രീയക്കാർക്കു കൈക്കൂലി നൽകലും ലൈംഗിക കെണികളിൽ വീഴ്ത്തുന്നതും ഉൾപ്പെടെയുള്ള അനാശാസ്യ നടപടികൾ കേംബ്രിജ് അനലിറ്റിക നടത്തുന്നതായാണ് ആരോപണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പു കഴിഞ്ഞ ഗുജറാത്ത്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കർണാടകത്തിലും കേംബ്രിജ് അനലിറ്റികയിൽ നിന്നു കോൺഗ്രസ് എത്രത്തോളം വിവരങ്ങൾ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

അനലിറ്റികയെ ബിജെപി ഉപയോഗിച്ചു: കോൺഗ്രസ്

ന്യൂഡൽഹി∙ ബിഹാർ, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ വിവാദ സ്ഥാപനമായ കേംബ്രിജ് അനലിറ്റികയുടെ സേവനം ബിജെപി ഉപയോഗിച്ചെന്നു കോൺഗ്രസ്. അനലിറ്റികയുടെ സേവനം രാഹുൽ ഗാന്ധി വിനിയോഗിച്ചെന്നു കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞതിനു പിന്നാലെയാണു പ്രത്യാരോപണം. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരിക്കലും അനലിറ്റികയുടെ സേവനം തേടിയിട്ടില്ല. മറ്റു വിഷയങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാൻ ബിജെപിയുടെ ‘സ്പിൻ തന്ത്ര’മാണിത്– മാധ്യമ വിഭാഗം മേധാവി രൺദീപ് സിങ് സുർജേവാല പറഞ്ഞു.