Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

26 സീറ്റുകളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്

Rajyasabha-Budget-Session

ന്യൂഡൽഹി ∙ ആറു സംസ്ഥാനങ്ങളിൽനിന്നായി 26 രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന്. ഉത്തർപ്രദേശ് (പത്ത്), ബംഗാൾ (അഞ്ച്), കർണാടക (നാല്), തെലങ്കാന (മൂന്ന്), ജാർഖണ്ഡ് (രണ്ട്), ഛത്തീസ്ഗഡ് (ഒന്ന്), കേരളം (ഒന്ന്) എന്നിവിടങ്ങളിലാണു തിരഞ്ഞെടുപ്പ്. ഒഴിവുവന്ന 58 സീറ്റുകളിൽ 33 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കേരളത്തിലേത് ഉപതിരഞ്ഞെടുപ്പാണ്. കേരളത്തിലെ ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭാ സമുച്ചയത്തിലെ 740–ാം നമ്പർ മുറിയിൽ ഇന്നു രാവിലെ ഒൻപതു മുതൽ നാലുവരെ നടക്കും. അഞ്ചിനാണ് വോട്ടെണ്ണൽ. എൽഡിഎഫ് സ്ഥാനാർഥി എം.പി.വീരേന്ദ്രകുമാറിന്റെ (ജനതാദൾ–യു) വിജയം ഉറപ്പാണ്.

കോൺഗ്രസിലെ ബി.ബാബുപ്രസാദാണ് എതിർസ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി ജയിച്ച വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ്. കർണാടകയിൽ നാലു രാജ്യസഭാ സീറ്റുകളിലേക്ക് അഞ്ചു സ്ഥാനാർഥികളാണു രംഗത്തുള്ളത്. കോൺഗ്രസിന്റെ ഡോ. എൽ.ഹനുമന്തയ്യ, ഡോ. സയ്യദ് നസീർ ഹുസൈൻ, ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ എന്നിവരുടെ വിജയം ഉറപ്പാണ്.

നാലാം സീറ്റിനായി കോൺഗ്രസിന്റെ ജി.സി.ചന്ദ്രശേഖറും ജനതദളിന്റെ (എസ്) ബി.എം.ഫാറൂഖുമാണു മൽസരരംഗത്ത്. യുപിയിലെ 10 സീറ്റുകളിലേക്ക് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ഉൾപ്പെടെ 11 സ്ഥാനാർഥികളുണ്ട്. സമാജ്‍വാദി പാർട്ടി ജയ ബച്ചനെയും ബിഎസ്പി ഭീംറാവു അംബേദ്കറെയും നിർത്തിയിട്ടുണ്ട്. ബംഗാളിൽ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വിക്ക് തൃണമൂൽ കോൺഗ്രസ് പിന്തുണയുണ്ട്.

related stories