Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുപ്‌വാര ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട അഞ്ചും ലഷ്കർ ഭീകരർ

kupwara-encounter-1

ശ്രീനഗർ ∙ ജമ്മു–കശ്മീരിലെ കുപ്‌വാര ജില്ലയിൽ അതിർത്തിയിലെ ഉൾവനത്തിൽ 48 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സൈന്യം വധിച്ച അഞ്ചു ഭീകരരും പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ അംഗങ്ങൾ. രൂക്ഷമായ ഏറ്റുമുട്ടലിൽ മൂന്നു സൈനികരും രണ്ടു പൊലീസ് സേനാംഗങ്ങളും വീരമൃത്യു വരിച്ചു.

ജമ്മു പൊലീസിലെ ദീപക് തുസൂ, മുഹമ്മദ് യൂസഫ്, ഹവിൽദാർ ജൊറാവർ സിങ്, നായിക് മുഹമ്മദ് അഷ്റഫ് റാത്തർ, നായിക് രൺജീത് ഖാൽഖോ എന്നിവരാണ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കുപ്‌വാരയിലെ ഹൽമത്പോറ മേഖലയിലെ ഉൾവനത്തിൽ നിയന്ത്രണ രേഖയിൽനിന്ന് എട്ടു കിലോമീറ്ററോളം ഉള്ളിലേക്കു നുഴഞ്ഞുകയറിയ ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടൽ ആരംഭിച്ചത്. കുപ്‌വാര പട്ടണത്തിൽ ആക്രമണം പദ്ധതിയിട്ടു നീങ്ങുന്നതിനിടെയാണു ജമ്മു–കശ്മീർ പൊലീസ് സേന ഇവരെ കണ്ടെത്തിയത്.

ഏറ്റുമുട്ടലിനിടെ രണ്ടു പൊലീസുകാർക്കു ജീവഹാനി സംഭവിച്ചു. പിന്നാലെ സൈന്യം കൂടി രംഗത്തെത്തിയതോടെ നാലു ഭീകരരെ ചൊവ്വാഴ്ച തന്നെ വധിക്കാനായി. വനത്തിലേക്കു പിൻവലിഞ്ഞ് ഉയർന്നപ്രദേശത്ത് ഒരിടത്ത് ഒളിച്ച ഭീകരന്റെ വെടിയേറ്റാണ് മൂന്നു സൈനികർ വീരമൃത്യു വരിച്ചത്. ഈ ഭീകരനെ ബുധനാഴ്ച വൈകിട്ടു വധിച്ചു. സൈനിക നടപടികൾ പൂർത്തിയായെന്നും പ്രദേശത്തുനിന്നു കണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീകരർ ലഷ്‌കറെ തയിബ അംഗങ്ങളാണെന്നു വ്യക്തമായതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.