Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ: പൊരുത്തം നോക്കാൻ ‘വിദേശി’; സാങ്കേതികവിദ്യ ‘ഇന്ത്യൻ’

aadhar-saftey

ന്യൂഡൽഹി ∙ ആധാർ പദ്ധതിക്കായി ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ പൊരുത്തപ്പെടുന്നുണ്ടോയെന്നു പരിശോധിക്കാൻ വിദേശ കമ്പനികളുടെ സോഫ്റ്റ്‍വെയറാണ് ഉപയോഗിക്കുന്നതെന്നു സവിശേഷ തിരിച്ചറിയൽ‍ അതോറിറ്റി (യുഐഡിഎഐ) സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇന്ത്യയുടേതാണ്; വിവരങ്ങൾ ശേഖരിക്കുന്ന 6000 സർവറുകളും ഇന്ത്യയിലാണ്.

ആധാറിനായി വിവരങ്ങൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയതിൽ ഏകദേശം 49,000 സ്വകാര്യ ഓപ്പറേറ്റർമാരെ ഒഴിവാക്കേണ്ടിവന്നത് കൈക്കൂലി, നിലവാരമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാലാണെന്നും യുഐഡിഎഐ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അജയ് ഭൂഷൺ പാണ്ഡെ കോടതിയോടു പറഞ്ഞു.

ആധാർ‍ പദ്ധതിയുടെ ഭരണഘടനാ സാധുതയും സർക്കാർ ആനുകൂല്യങ്ങൾക്കും മറ്റും ആധാർ നമ്പർ നിർബന്ധമാക്കിയതും ചോദ്യംചെയ്തുള്ള ഹർജികളിലെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് മുൻപാകെയാണ് അജയ് ഭൂഷൺ പാണ്ഡെ പദ്ധതിയുടെ സാങ്കേതിക വശങ്ങൾ വിശദീകരിച്ചത്. കോടതിമുറിയിൽ സജ്ജീകരിച്ച രണ്ട് എൽസിഡി സ്ക്രീനുകളുടെയും പ്രൊജക്ടറുകളുടെയും സഹായത്തോടെയായിരുന്നു വിവരണം.

തകർക്കാനാവാത്ത സുരക്ഷ

ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം, ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത, സാങ്കേതിക വിദ്യയുടെ ഉറവിടം, വിവരങ്ങൾ ശേഖരിക്കുന്ന ഒട്ടേറെ ഏജൻസികളെ ഒഴിവാക്കിയതിന്റെ കാരണം തുടങ്ങിയവയെക്കുറിച്ചു കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കു പാണ്ഡെ നൽ‍കിയ മറുപടി ഇങ്ങനെ:

∙ ശേഖരിക്കുന്ന വിവരങ്ങൾ‍ സുരക്ഷിതമാക്കിയിരിക്കുന്നത് 248 ബിറ്റ് സുരക്ഷാ കോഡ് ഉപയോഗിച്ചാണ്. ബാങ്കുകളും മറ്റും ഉപയോഗിക്കുന്നതിനേക്കാൾ എട്ടു മടങ്ങു സുരക്ഷിതമാണിത്. ഭൂഗോളത്തിന്റെ ശക്തിയത്രയും ഉപയോഗിച്ചാലും ഈ കോഡ് തകർക്കാനാവില്ല. ശേഖരിച്ച വിവരം പകർത്താനോ തിരുത്താനോ, ശേഖരിച്ചവർക്കു സാധിക്കില്ല.

∙ ബയോമെട്രിക് വിവരങ്ങൾ പരിശോധിക്കാനുള്ള സോഫ്റ്റ്‍വെയർ ലോകത്തിലെ മികച്ച മൂന്നു കമ്പനികളുടേതാണ്. അവ വിദേശ കമ്പനികളാണ്. എന്നാൽ, ആധാറിനായി ശേഖരിക്കുന്ന വിവരങ്ങളിൽ‍ ഏതെങ്കിലും വിധത്തിൽ ഇടപെടാൻ ഈ കമ്പനികൾക്കു സാധിക്കില്ല.

∙ ബയോമെട്രിക് വിവരങ്ങൾ യുഐഡിഎഐയുടെ കൈവശമാണുള്ളത്. ഇത് ആരുമായും പങ്കുവയ്ക്കുന്നില്ല. ഒരിക്കൽ, ബയോമെട്രിക് വിവരങ്ങൾ ലഭിക്കുന്നതിനു സിബിഐ ഹൈക്കോടതിയിൽനിന്ന് ഉത്തരവു വാങ്ങി. ആ ഉത്തരവിനെതിരെ തങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. ബാങ്കുകൾക്കും മൊബൈൽ ഫോൺ കമ്പനികൾക്കും നൽകുന്നതു ബയോമെട്രിക് വിവരങ്ങളല്ല, പേര്, വിലാസം, ചിത്രം തുടങ്ങിയവ മാത്രമാണ്. അവയും കോഡുകളുപയോഗിച്ചു സുരക്ഷിതമാക്കുന്നു.

∙ ബയോമെട്രിക് വിവരങ്ങൾ പൊരുത്തപ്പെടാത്തതിന്റെ പേരിൽ ആർക്കും ആനുകൂല്യങ്ങൾ നിഷേധിക്കില്ല. ആധാർ കാർഡിലെ ക്യു ആർ കോഡിൽ വ്യക്തിവിവരങ്ങളുണ്ട്.

∙ വ്യക്തികളിൽനിന്നു ഫീസ് ഈടാക്കാതെയാണ് ആധാർ വിവരങ്ങൾ ശേഖരിക്കുന്നത്. എന്നാൽ, പല ഏജൻസികളും പണം വാങ്ങുന്നതായി കണ്ടെത്തി; ശേഖരിക്കുന്ന വിവരങ്ങളുടെ നിലവാരമില്ലായ്മയെക്കുറിച്ചും പരാതിയുണ്ടായി. അതിനാൽ പല ഏജൻസികളെയും ഒഴിവാക്കി.

∙ ആധാർ പദ്ധതിയിൽ എൻറോൾ ചെയ്യുന്നതിന്റെ തിരക്കു കണക്കിലെടുത്ത് ആദ്യം ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിരുന്നില്ല. അപ്പോഴാണ് ഞാവൽ മരത്തിന്റെയും നായയുടെയും പേരിൽവരെ ആധാർ കാർഡ് ലഭിക്കുന്നതായി ആരോപണമുണ്ടായത്. തുടർന്നാണു ബയോമെട്രിക് വിവരങ്ങൾ കർശനമായി ശേഖരിക്കാൻ തീരുമാനിച്ചത്.

കേസ് ഇനി 27ന്

ആധാർ കേസ് ഇനി 27നു വീണ്ടും പരിഗണിക്കും. പദ്ധതിയുടെ സാങ്കേതിക വശങ്ങളുടെ കൂടുതൽ‍ വിശദാംശങ്ങൾ യുഐഡിഎഐ അന്നു കോടതിയിൽ പറയും. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടതനുസരിച്ചാണ് സാങ്കേതികവശം പറയാൻ യുഐഡിഎഐക്കു കോടതി അവസരം നൽകിയത്.

ആധാർവിവരങ്ങൾ ചോരില്ല: നിലേകനി

കൊച്ചി ∙ കേന്ദ്രസർക്കാർ ആധാറിനായി സമാഹരിച്ച പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമാണെന്നും ഒരുതരത്തിലും ചോരില്ലെന്നും യുഐഡിഎഐ മേധാവിയായിരുന്ന നന്ദൻ നിലകേനി. ആധാർ വിവരങ്ങൾക്ക് അതിശക്തമായ ഭൗതിക സുരക്ഷയും ഡിജിറ്റൽ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്ന പശ്ചാത്തലത്തിൽ ആധാർ ഉടമകൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.