Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടിക ജാതി, വർഗ പീഡനം: വിധിക്കെതിരെ കോൺഗ്രസ്

rahul-antony പട്ടികവർഗ ബില്ലിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാർലമെന്റ് വളപ്പിൽ നടത്തിയ ധർണയ്ക്കെത്തിയ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വീകരിക്കുന്നു. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ന്യൂഡൽഹി ∙ പട്ടിക ജാതി, വർഗ പീഡന വിരുദ്ധ നിയമത്തിൽ ഇളവനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹർജി നൽകണമെന്നു കോൺഗ്രസ്. സർക്കാർ വേണ്ടവിധം കേസ് വാദിച്ചില്ലെന്നു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ നടത്തിയ കോൺഗ്രസ് എംപിമാർ പറഞ്ഞു.

ദലിതരുടെ രക്ഷയ്ക്കു രാഹുൽ ഗാന്ധി രംഗത്ത്, പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്യാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം. പട്ടിക ജാതി, വർഗ പീഡന വിരുദ്ധ നിയമം സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെ ദുരുപയോഗപ്പെടുത്തുന്നുവെന്നു ‌വ്യാഖ്യാനിച്ചാണു കഴിഞ്ഞ ദിവസത്തെ വിധി. പരാതി കിട്ടിയാലുടൻ അറസ്റ്റ് ചെയ്യുന്നതിനു പകരം ആദ്യം നിജസ്ഥിതി പരിശോധിക്കണമെന്നാണു കോടതിയുടെ നിർദേശം.

എന്നാൽ, ഇതോടെ നിയമത്തിനു പല്ലും നഖവും നഷ്ടപ്പെടുമെന്നു ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഇതിനിടെ, തുടർച്ചയായ 15–ാം ദിനവും പാർലമെന്റ് ബഹളത്തിൽ മുങ്ങി. വീണ്ടും, മോദിമന്ത്രിസഭയ്ക്കെതിരായ അവിശ്വാസപ്രമേയം പരിഗണിക്കാൻ ലോക്സഭയ്ക്കു കഴിഞ്ഞില്ല. എങ്കിലും സ്വാതന്ത്ര്യസമരത്തിലെ ധീരനക്ഷത്രങ്ങളായ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ഇരുസഭകളും സ്മരണാഞ്ജലിയർപ്പിച്ചു.

രാജ്യസഭയിൽ പ്രാദേശിക പ്രശ്നങ്ങളുന്നയിച്ച ആന്ധ്ര, തമിഴ്നാട് പാർട്ടികൾക്കൊപ്പം കോൺഗ്രസും നടുത്തളത്തിലിറങ്ങി. പട്ടിക ജാതി, വർഗ പീഡന വിരുദ്ധ നിയമവുമായി ബന്ധപ്പെട്ട വിധിയായിരുന്നു കോൺഗ്രസിന്റെ വിഷയം. ലോക്സഭയിൽ അണ്ണാ ഡിഎംകെയും ടിആർഎസും ചേർന്ന് ഒരിക്കൽക്കൂടി സഭ തടസ്സപ്പെടുത്തി; ടിഡിപിയും വൈഎസ്ആർ കോൺഗ്രസും നൽകിയിട്ടുള്ള അവിശ്വാസപ്രമേയ നോട്ടി‌സിനും പതിവു ഗതി.

ബിജെപി നുണ ഫാക്ടറി വീണ്ടും സജീവം: രാഹുൽ

ന്യൂഡൽഹി ∙ ബിജെപിയുടെ കളവു നിർമാണ ഫാക്ടറി വീണ്ടും പ്രവർത്തനക്ഷമമായിരിക്കുന്നെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘കോൺഗ്രസിനെ തകർക്കുന്നതിനു 2012ൽ കേംബ്രിജ് അനലിറ്റിക്കയെ ചുമതലപ്പെടുത്തിയതിനെക്കുറിച്ച് ഒരു പത്രപ്രവർത്തകന്റെ അന്വേഷണാത്മക വാർത്ത പുറത്തുവരാനിരിക്കുകയായിരുന്നു. ഇതോടെ, ബിജെപി കാബിനറ്റ് ‌മന്ത്രിയെ രംഗത്തിറ‌ക്കി. അദ്ദേഹം കോൺ‌ഗ്രസിന്റെ അനലിറ്റിക്ക ബന്ധത്തെക്കുറിച്ചു കഥ മെനഞ്ഞു. യഥാർഥ വാർത്ത അപ്രത്യക്ഷമായി’ – രാഹുൽ ട്വീറ്റ് ചെയ്തു.