Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോധ്യാ ഭൂമി തർക്ക കേസ് ഇനി അടുത്ത മാസം ആറിന്

FILES-INDIA-COURT-POLITICS-MOSQUE

ന്യൂഡൽഹി∙ അയോധ്യാ ഭൂമി തർക്ക കേസ് സുപ്രീം കോടതി അടുത്ത മാസം ആറിനു പരിഗണിക്കാൻ മാറ്റി. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് 1994ൽ സുപ്രീം കോടതി നൽകിയ വിധി പുനഃപരിശോധനയ്ക്കായി ഭരണഘടനാ ബെഞ്ചിനു വിട്ടേക്കുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സൂചിപ്പിച്ചു.

അയോധ്യയിലെ 2.27 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു വിധിച്ചിരുന്നു. മൂന്നംഗ െബഞ്ചിന്റെ വിധിക്കെതിരെ നിർമോഹി അഖാഡ, ഹിന്ദു മഹാസഭ, ജമിയത്തുൽ ഉലമ ഹിന്ദ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് തുടങ്ങിയവയും ഹാഷിം അൻസാരിയെന്ന വ്യക്തിയും നൽകിയ ഹർജികളാണു സുപ്രീം കോടതിയിലുള്ളത്.

തർക്കഭൂമിയും അതിനോടു ചേർന്നുള്ള പ്രദേശങ്ങളും ഏറ്റെടുത്തു കേന്ദ്ര സർക്കാർ 1993 ഏപ്രിൽ മൂന്നിനു കൊണ്ടുവന്ന നിയമം ചോദ്യംചെയ്തുള്ള ഹർജിയിലായിരുന്നു 1994ലെ വിധി. മസ്ജിദ് പ്രാർഥനയ്ക്ക് ഒഴിവാക്കാനാവാത്തതല്ലെന്നും മറ്റും അന്നു കോടതി വ്യക്തമാക്കി.

മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളുടെ സംരക്ഷണമുള്ളപ്പോഴും ആരാധനാസ്ഥലങ്ങൾ ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങൾ പരിശോധിക്കാതെ നിലവിലെ കേസിൽ മുന്നോട്ടുപോകാനാവില്ലെന്നു ഹർജിക്കാരിലൊരാൾക്കു വേണ്ടി രാജീവ് ധവാൻ വാദിച്ചു.1994ലെ വിധി പൂർണമായോ ഭാഗികമായോ ഭരണഘടനാ ബെഞ്ചിനു വിടണോയെന്നു തീരുമാനിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു.

related stories