Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷായും നായിഡുവും അടി തുടങ്ങി

Amit-Shah-Chandrababu-Naidu അമിത് ഷാ, ചന്ദ്രബാബു നായിഡു

ന്യൂഡൽഹി ∙ തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കുന്നത് അസാധ്യമാണെന്ന സൂചന നൽകി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ രൂക്ഷവിമർശനം. കേന്ദ്ര ഫണ്ട് വിനിയോഗിച്ചതിന്റെ കണക്ക് ആന്ധ്രാ സർക്കാർ കേന്ദ്രത്തിനു സമർപ്പിക്കാത്തതു ഗുരുതരമായ ഭരണവീഴ്ചയാണെന്നു നാ‍യിഡുവിന് അയച്ച കത്തിൽ അമിത് ഷാ കുറ്റപ്പെടുത്തി. സഖ്യം വിടാനുള്ള ടിഡിപി തീരുമാനം ഏകപക്ഷീയവും ദൗർഭാഗ്യകരവുമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

കത്തിലെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും അമിത് ഷാ നിരത്തുന്ന കണക്കുകൾ ശരിയല്ലെന്നും ചന്ദ്രബാബു നായിഡു തിരിച്ചടിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകിയിട്ടുള്ള പ്രത്യേക സംസ്ഥാനപദവിയും പരിഗണനയും ആന്ധ്രയ്ക്കു ലഭിച്ചിരുന്നെങ്കിൽ വൻ വ്യാവസായിക വളർച്ച കൈവരിക്കാൻ കഴിയുമായിരുന്നുവെന്നും നായിഡു പറഞ്ഞു.

മറുവഴിയില്ലാതെ നായിഡു

ആന്ധ്രയിൽ സ്വന്തം നിലയ്ക്കു ശക്തിയാർജിക്കാൻ ബിജെപി ശ്രമമാരംഭിച്ചതോടെയാണു സഖ്യത്തിൽ അലോസരമുണ്ടായത്. ബിജെപി–ടിഡിപി സഖ്യത്തിന്റെ സൂത്രധാരനായ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി പദവിയിലെത്തിയോടെ കക്ഷിരാഷ്ട്രീയ ഇടപെടലുകൾ നിർത്തിയതും സഖ്യം ഭിന്നിക്കാൻ കാരണമായി. ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാനപദവി ആവശ്യപ്പെട്ടുള്ള വൈഎസ്ആർ കോൺഗ്രസ് പ്രക്ഷോഭം ടിഡിപിയുടെ ജനപിന്തുണ നഷ്ടമാക്കുമെന്ന ആശങ്കയിൽ നായിഡുവിനു കടുത്ത നിലപാടെടുക്കാതെ മാർഗമില്ലായിരുന്നു. വിട്ടുവീഴ്ച ചെയ്തു സഖ്യം നിലനിർത്താൻ ബിജെപിയും തയാറായില്ല. 

ഇനിയെന്ത്?

ടിഡിപിയെ ബിജെപിയിൽനിന്ന് അകറ്റുന്നതിൽ വിജയിച്ച വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡി വൈകാതെ തന്ത്രം മാറ്റുമോയെന്നാണു രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടിസ് നൽകി ടിഡിപിയെ സമ്മർദത്തിലാക്കിയ വൈഎസ്ആർ കോൺഗ്രസ് ഭാവിയിൽ ബിജെപിയോടു മൃദുസമീപനത്തിലേക്കു നീങ്ങിയേക്കാം. വൈകാതെ ബിജെപി സഖ്യകക്ഷിയായി വൈഎസ്ആർ കോൺഗ്രസ് മാറിയാലും അദ്ഭുതപ്പെടാനില്ല.