Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധ, ആഭ്യന്തര മന്ത്രാലയ സൈറ്റുകളിൽ ചൈനീസ് ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം

MOD-Website-Hacked പ്രതിരോധ മന്ത്രാലയ വെബ്സൈറ്റിൽ ചൈനീസ് ലിപി പ്രത്യക്ഷപ്പെട്ടപ്പോൾ

ന്യൂഡൽഹി∙ പ്രതിരോധ, ആഭ്യന്തര, നിയമ, കായിക മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ മണിക്കൂറുകൾ നിശ്ചലമായതിനു പിന്നിൽ ഹാക്കർമാരെന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ സ്ഥിരീകരിച്ചതിനു പിന്നാലെ, സാങ്കേതിക തകരാറാണു പ്രശ്നകാരണമെന്നു ദേശീയ സൈബർ സുരക്ഷാ വിഭാഗം വ്യക്തമാക്കി. രാത്രി ഏഴരയോടെ നിയമ വെബ്സൈറ്റും എട്ടരയോടെ പ്രതിരോധ സൈറ്റും പുനഃസ്ഥാപിച്ചു.

ഇന്നലെ നാലു മണിയോടെ ചൈനീസ് അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റാണ് ആദ്യം സ്തംഭിച്ചത്. പിന്നാലെ ആഭ്യന്തര, നിയമ, കായിക മന്ത്രാലയ സൈറ്റുകളും പ്രവർത്തനരഹിതമായി. വെബ്സൈറ്റുകൾ ഹാക്കർമാർ ആക്രമിച്ചതായി ട്വിറ്റർ സന്ദേശത്തിലാണു പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചത്.

ചൈനീസ് ഹാക്കർമാരാവാം പിന്നിലെന്നു മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്നും ഹാർഡ്‌വെയറിലുണ്ടായ തകരാറാണു കാരണമെന്നും തൊട്ടുപിന്നാലെ ദേശീയ സൈബർ സുരക്ഷാ കോ ഓർഡിനേറ്റർ ഗുൽഷൻ റായ് പ്രതികരിച്ചു. സൈറ്റിന്റെ ഹോം പേജിൽ ‘പ്രതിരോധ മന്ത്രാലയം’ എന്ന് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നതിനു മുകളിലാണു ചൈനീസ് അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ജനുവരിയിൽ ദേശീയ സുരക്ഷാ സേനയുടെ (എൻഎസ്ജി) വെബ്സൈറ്റിൽ നുഴഞ്ഞുകയറിയ പാക്ക് ഹാക്കർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശങ്ങൾ കുറിച്ചിരുന്നു. കഴിഞ്ഞ നാലു വർഷത്തിനിടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട 700 വെബ്സൈറ്റുകളാണ് ആക്രമണത്തിനിരയായത്.

related stories