Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക്, ചൈന അതിർത്തികളിൽ വ്യോമസേനയുടെ ശക്തിപ്രകടനം ഇന്നു മുതൽ

Tejas-Light-Combat-Aircraft

ന്യൂഡൽഹി ∙ പാക്ക്, ചൈന അതിർത്തികളിൽ ശക്തിപ്രകടനവുമായി ഇന്ത്യൻ വ്യോമസേന. രാജ്യത്തിന്റെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിൽ സേനയുടെ യുദ്ധസന്നദ്ധത പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഗഗൻ ശക്തി’ വ്യോമാഭ്യാസ പ്രകടനത്തിന് ഇന്നു തുടക്കം. 22 വരെ നടക്കുന്ന അഭ്യാസങ്ങളിൽ യുദ്ധവിമാനങ്ങളുൾപ്പെടെ, സേനയുടെ ഭാഗമായ 1100 വിമാനങ്ങൾ അതിർത്തിയിൽ കരുത്തു പ്രദർശിപ്പിക്കും. 15,000 സേനാ ഉദ്യോഗസ്ഥർ ഈ ദിവസങ്ങളിൽ അതിർത്തിയിലേക്കു നീങ്ങും.

വ്യോമസേനയുടെ പൂർണശേഷി പ്രദർശിപ്പിക്കുന്ന അഭ്യാസപ്രകടനത്തെക്കുറിച്ചുള്ള വിവരം പാക്കിസ്ഥാനെ ഇന്ത്യ ഒൗദ്യോഗികമായി അറിയിച്ചു. രണ്ടു വർഷത്തിലൊരിക്കൽ അതിർത്തിയിൽ സേന അഭ്യാസപ്രകടനങ്ങൾ നടത്തുക പതിവാണെങ്കിലും പാക്ക്, ചൈന അതിർത്തികളിൽ ബലപരീക്ഷണം ശക്തമായ സാഹചര്യത്തിൽ ഗഗൻ ശക്തിക്കു പ്രാധാന്യമേറെ. ഒരേസമയം പാക്കിസ്ഥാൻ, ചൈന എന്നിവയിൽനിന്ന് ആക്രമണമുണ്ടായാൽ നേരിടാനുള്ള ദ്വിമുഖ യുദ്ധതന്ത്രം രൂപീകരിക്കുകയാണു ഗഗൻ ശക്തിയുടെ ലക്ഷ്യം.

യഥാർഥ യുദ്ധസാഹചര്യം പുനരാവിഷ്കരിച്ചാവും അഭ്യാസപ്രകടനങ്ങളെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. കര, നാവിക സേനകളുമായി സഹകരിച്ചുള്ള നീക്കങ്ങളും പരിശീലിക്കും. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന സാന്നിധ്യം ശക്തമാക്കുന്ന സാഹചര്യത്തിലാണ് നാവിക– വ്യോമ സംയുക്ത അഭ്യാസങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം സാന്നിധ്യമറിയിക്കും. അതിർത്തിയിലെ സേനാ അഭ്യാസത്തിൽ ഇതാദ്യമായാണു തേജസ് പങ്കെടുക്കുന്നത്.