Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിനു പിന്തുണയെന്ന് ലിംഗായത്ത് മഠാധിപതിമാർ

ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പരസ്യമായി പിന്തുണച്ച് ലിംഗായത്ത് മഠാധിപതികളുടെ കൂട്ടായ്മ. സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകണമെന്ന വിദഗ്ധസമിതി ശുപാർശ സംസ്ഥാന സർക്കാർ തുടർനടപടിക്കായി കേന്ദ്രത്തിനു സമർപ്പിച്ച സാഹചര്യത്തിലാണിത്. മഠാധിപതികൾ ഉൾപ്പെടെ മുപ്പതോളം മുതിർന്ന സന്യാസിമാർ പങ്കെടുത്ത യോഗം, അനുകൂല നടപടി വേണമെന്നു ബിജെപിയോട് ആവശ്യപ്പെട്ടു. ഈ മാസം 18നു ബസവ ജയന്തിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. 

സ്വതന്ത്ര മതമെന്ന ആവശ്യത്തെ സിദ്ധരാമയ്യ സർക്കാരാണു പിന്തുണച്ചതെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ലിംഗായത്തുകളുടെ ആദ്യ വനിതാ ആത്മീയനേതാവായ മാതേ മഹാദേവി പറഞ്ഞു. ലിംഗായത്ത് സന്യാസിമാർ സാമൂഹികവിരുദ്ധരിൽ നിന്നു പണം വാങ്ങിയെന്നു പറഞ്ഞ് ആർഎസ്എസ് ജനങ്ങളെ വഴി തെറ്റിക്കുകയാണ്. ന്യൂനപക്ഷ മതപദവിക്കുള്ള ശുപാർശ ഇതുവരെ ലഭിച്ചില്ലെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ കള്ളം പറയുന്നുവെന്നും കുറ്റപ്പെടുത്തി. 

കർണാടകയിലെ പ്രബലവിഭാഗമായ ലിംഗായത്തുകൾ രണ്ടു പതിറ്റാണ്ടിലേറെയായി ബിജെപിയെ പിന്തുണച്ചുവരുന്നവരാണ്.