Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാവേരി ജലം പങ്കിടൽ പദ്ധതി’ വൈകുന്നതിന് കേന്ദ്രസർക്കാരിനു സുപ്രീം കോടതിയുടെ ശാസന

supreme-court-flag

ന്യൂഡൽഹി ∙ കാവേരിയിലെ വെള്ളം പങ്കുവയ്ക്കാൻ പദ്ധതി തയാറാക്കണമെന്ന ഉത്തരവു പാലിക്കാത്തതിനു കേന്ദ്രസർക്കാരിനു സുപ്രീം കോടതിയുടെ ശാസന. മേയ് മൂന്നിനകം പദ്ധതിയുടെ കരട് തയാറാക്കി നൽകണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോടു നിർദേശിച്ചു. മേയ് 12നു കർണാടക നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, തീരുമാനം വൈകിച്ച കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്നതാണു സുപ്രീം കോടതി നിലപാട്.

കർണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്കായി ജലം പങ്കിടുന്നതിനു സംസ്ഥാനാന്തര ജലതർക്കനിയമത്തിലെ 6–എ വകുപ്പുപ്രകാരം ആറാഴ്ചയ്ക്കകം പദ്ധതിയുണ്ടാക്കാൻ ഫെബ്രുവരി 16ന് ആണു സുപ്രീം കോടതി വിധിച്ചത്. വെള്ളം പങ്കുവയ്ക്കുന്നതിനു കാവേരി ട്രൈബ്യൂണൽ നേരത്തേ നൽകിയ ഉത്തരവിൽ സുപ്രീം കോടതി അന്നു ചില മാറ്റങ്ങളും വരുത്തി. വിധി നടപ്പാക്കാത്തതിനെതിരെ തമിഴ്നാട് നൽകിയ കോടതിയലക്ഷ്യ ഹർജിയും ഉത്തരവിൽ വ്യക്തത വരുത്തണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയുമാണ് ഇന്നലെ പരിഗണിച്ചത്. പദ്ധതിയെന്നതുകൊണ്ടു കോടതി എന്താണ് ഉദ്ദേശിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണു കേന്ദ്രത്തിന്റെ നിലപാട്. കാവേരി ട്രൈബ്യൂണലിൽ പറഞ്ഞ സംവിധാനങ്ങളാണ് ഇതെന്നു തമിഴ്നാട് വാദിക്കുന്നു. കോടതിവിധി നടപ്പാക്കേണ്ട സമയം കഴിഞ്ഞ മാസം 29ന് അവസാനിച്ചതിനെ തുടർന്നാണു തമിഴ്നാട്ടിലും പാർലമെന്റിലും വലിയ പ്രതിഷേധം ഉയർന്നത്.

കാവേരി ട്രൈബ്യൂണൽ നൽകിയ ഉത്തരവിൽനിന്നു മാറി പദ്ധതിയുണ്ടാക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്നതിൽ വ്യക്തത വരുത്തണമെന്നും കർണാടക നിയസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്നും കേന്ദ്രം അപേക്ഷിച്ചു. എന്നാൽ, ആറാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന നിർദേശം പാലിക്കപ്പെടാത്തത് അദ്ഭുതപ്പെടുത്തുന്നുവെന്നു ബെഞ്ച് വ്യക്തമാക്കി. കോടതി ഇടപെടൽ സാധ്യമാക്കുന്നതിന്, ഇപ്പോൾ സമാധാനമുറപ്പാക്കാൻ സംസ്ഥാനങ്ങൾ നടപടിയെടുക്കണം. സമയബന്ധിതമായി കരടുപദ്ധതി നൽകിയാൽ സംസ്ഥാനങ്ങളെ അറിയിക്കാനാകുമെന്നും കോടതി പറഞ്ഞു.

ഐപിഎൽ: ഉപരോധ ഭീഷണിക്കിടെ ചെന്നൈയിൽ ഇന്ന് മൽസരം

കാവേരിപ്രശ്നം പരിഹരിക്കുന്നതുവരെ തമിഴ്നാട്ടിൽ ഐപിഎൽ മൽസരം നടത്താൻ അനുവദിക്കില്ലെന്നു വിവിധ സംഘടനകൾ മുന്നറിയിപ്പു നൽകിയിരിക്കെ, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ആദ്യമൽസരം. മൽസരം മാറ്റിവയ്ക്കണമെന്ന ആവശ്യവും പ്രതിഷേധാഹ്വാനവും ഇന്നലെയും ശക്തമായി തുടർന്നു. സ്റ്റേഡിയം ഉപരോധിക്കുമെന്നു തമിഴ് വാഴ്‌വുരിമൈ കക്ഷി മുന്നറിയിപ്പു നൽകി. സിനിമാസംഘടനകൾ, വിവിധ രാഷ്ട്രീയപാർട്ടികൾ എന്നിവയും രംഗത്തെത്തി. പ്രതിഷേധത്തെതുടർന്നു മൽസരം തിരുവനന്തപുരത്തേക്കു മാറ്റുമെന്നു വാർത്തകളുണ്ടായിരുന്നെങ്കിലും ചെന്നൈയിൽതന്നെ നടത്തുമെന്നു സംഘാടകർ വ്യക്തമാക്കി. സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി. പതാകയും ബാനറും ഉൾപ്പെടെയുള്ള വസ്തുക്കൾ സ്റ്റേഡിയത്തിനുള്ളിലേക്കു കൊണ്ടുപോകുന്നതിനു വിലക്കുണ്ട്. 

related stories