Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസ് തുല്യരിൽ ഒന്നാമൻ; ബെഞ്ചുകൾ തീരുമാനിക്കുന്നതിന് വ്യവസ്ഥകളെന്ന ഹർജി തള്ളി

Supreme Court of India

ന്യൂഡൽഹി ∙ ഭരണഘടനാപരമായ വിശ്വാസത്തിന്റെ സൂക്ഷിപ്പുകാരനെന്ന നിലയ്ക്കു ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ തന്നെ ഒരു സ്ഥാപനമാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജഡ്ജിയെന്ന നിലയിൽ‍ തുല്യരിൽ ഒന്നാമനായ ചീഫ് ജസ്റ്റിസിനു കേസുകൾ പരിഗണിക്കേണ്ട ബെഞ്ചുകൾ തീരുമാനിക്കുന്നതിലുൾപ്പെടെ സവിശേഷമായ അധികാരമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ബെഞ്ചുകൾ തീരുമാനിക്കുന്നതിനും മറ്റും കൃത്യമായ വ്യവസ്ഥകൾ നിർദേശിക്കണമെന്നാവശ്യപ്പെട്ട് അശോക് പാണ്ഡെ എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലാണ് പരിഗണിച്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ വിധിയുണ്ടായത്. ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരും ഉൾപ്പെട്ടതായിരുന്നു ബെഞ്ച്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണു വിധിന്യായമെഴുതിയത്.

ഹർജി തള്ളിയ വിധിയിൽ പറയുന്ന മറ്റു പ്രധാന കാര്യങ്ങൾ

∙ നടപടിക്രമത്തിനു ചട്ടം നിർമിക്കാൻ ഭരണഘടനാപരമായ (145–ാം വകുപ്പ്) അധികാരമുള്ള സ്ഥാപനമാണു സുപ്രീം കോടതി. അത്തരത്തിലുള്ള സ്ഥാപനത്തോടു ചട്ടമുണ്ടാക്കണമെന്നും എങ്ങനെയുണ്ടാക്കണമെന്നും നിർദേശം നൽകാനാവില്ല.

∙ ബെഞ്ചുകൾ ഏതൊക്കെ രീതിയിൽ രൂപീകരിക്കണമെന്നതു ചീഫ് ജസ്റ്റിസിന്റെ മാത്രം അധികാരത്തിൽപെടുന്ന കാര്യമാണ്.

∙ സുപ്രീം കോടതി ജഡ്ജി നിയമനത്തിലെ സീനിയോറിറ്റിയെന്നത് ആ ജഡ്ജി ഏതു കേസുകൾ പരിഗണിക്കണമെന്നതിനെ ബാധിക്കുന്ന സംഗതിയല്ല.

∙ വ്യവസ്ഥകൾ നിർദേശിച്ചില്ലെങ്കിൽ ബെഞ്ചുകളുടെ രൂപീകരണം സംബന്ധിച്ച അധികാരം ചീഫ് ജസ്റ്റിസ് തോന്നുംപോലെ ഉപയോഗിക്കുമെന്ന ആശങ്കയാണ് ഉന്നയിച്ചിട്ടുള്ളത്. ബെ‍ഞ്ചുകളുടെ രൂപീകരണത്തിലും ആ ബെഞ്ചുകൾ പരിഗണിക്കേണ്ട കേസുകൾ തീരുമാനിക്കുന്നതിലും ചീഫ് ജസ്റ്റിസിനു സവിശേഷമായ അധികാരമാണുള്ളത്.

∙ സ്ഥാപനത്തിന്റെ അധ്യക്ഷനെന്ന നിലയ്ക്കു ചീഫ് ജസ്റ്റിസിനു ചുമതലകൾ നൽകിയിരിക്കുന്നതു വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സ്വതന്ത്ര രക്ഷാകവചം എന്ന നിലയ്ക്കു സുപ്രീം കോടതിക്കുള്ള സ്ഥാനം ഉറപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. അവിടെ അവിശ്വാസത്തിനു സ്ഥാനമില്ല. നേരത്തേ കോടതിയലക്ഷ്യത്തിനു നടപടി നേരിട്ട വ്യക്തിയാണു ഹർജിക്കാരനെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഹർജിയിൽ ഉന്നയിച്ച പല കാര്യങ്ങളും അപവാദ സ്വഭാവമുള്ളതാണെന്നും ഹർജികൾ തയാറാക്കുമ്പോൾ ഉത്തരവാദിത്തത്തോടെയുള്ള സമീപനം വേണമെന്നും മുന്നറിയിപ്പു നൽകി.

related stories