Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഡ്ജി നിയമനം: പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ചർച്ച നടത്തി

Dipak-misra

ന്യൂഡൽഹി ∙ ഉന്നത ജുഡീഷ്യറിയിലെ ജഡ്ജി നിയമനങ്ങളെച്ചൊല്ലി സർക്കാരും സുപ്രീംകോടതിയിലെ ജഡ്ജിമാരും തമ്മിലുള്ള വാക്പോര് രൂക്ഷമായതിനിടെ, പ്രശ്നപരിഹാര മാർഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ചർച്ച നടത്തി. സർക്കാരിന്റെ അധികാര ദുർവിനിയോഗത്തിനെതിരെ ജസ്റ്റിസ് ജസ്തി ചെലമേശ്വറിനു പിന്നാലെ, ജസ്റ്റിസ് കുര്യൻ ജോസഫും ചീഫ് ജസ്റ്റിസിനു കത്തെഴുതിയിരുന്നു.

സുപ്രീം കോടതിയിലെ ജഡ്ജി നിയമന ശുപാർശകളിൽ തീരുമാനമെടുക്കാത്ത സർക്കാർ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്നും സർക്കാരിനെതിരെ കോടതി സ്വമേധയാ കേസെടുത്ത് ഉത്തരവ് നൽകണമെന്നുമാണ് കഴിഞ്ഞ ഒൻപതിനു ജസ്റ്റിസ് കുര്യൻ ജോസഫ് കത്തിലൂടെ വ്യക്തമാക്കിയത്. ഇതിനുശേഷം ചീഫ് ജസ്റ്റിസും ജഡ്ജിമാരായ രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് കുര്യൻ ജോസഫും തമ്മിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തെന്നാണ് അറിയുന്നത്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെയും മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രീം കോടതിയിൽ നിയമിക്കണമെന്നു കൊളീജിയം ശുപാർശ ചെയ്തു മൂന്നുമാസമായിട്ടും സർക്കാർ തുടർനടപടിയെടുക്കുകയോ ചീഫ് ജസ്റ്റിസിനു മറുപടി നൽകുകയോ ചെയ്തിട്ടില്ല.

ഹൈക്കോടതിയിലേക്കുള്ള നിയമനത്തിനു ശുപാർശ ചെയ്യപ്പെട്ട കർണാടകയിലെ ജഡ്ജി പി. കൃഷ്ണഭട്ടിനെതിരെ അന്വേഷണം നടത്താൻ നിയമമന്ത്രാലയം ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നേരിട്ട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ഈ സ്ഥിതിയിൽ, വിഷയം പ്രധാനമന്ത്രിയോട് നേരിട്ടു ചർച്ച ചെയ്യണമെന്നു സുപ്രീം കോടതിയിലെ ചില ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം, ലോക്പാലിലേക്കു പരിഗണിക്കാനുള്ള പേരുകൾ കണ്ടെത്താനുള്ള സമിതിയെ തീരുമാനിക്കാനുള്ള യോഗത്തിനെത്തിയപ്പോൾ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്തതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

സർക്കാർ‍ സമീപനം ഭീഷണിയെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് സർക്കാരിന് അനിഷ്ടമുണ്ടാക്കുന്ന ജഡ്ജിമാർ ബുദ്ധിമുട്ടേണ്ടിവരുമെന്ന തെറ്റായ സന്ദേശമാണ് അധികാര ദുർവിനിയോഗത്തിലൂടെ സർക്കാർ നൽകുന്നതെന്നും ഇതിനെ നേരിട്ടില്ലെങ്കിൽ ചരിത്രം മാപ്പുനൽകില്ലെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് കത്തിൽ പറയുന്നു. സർക്കാർ ജുഡീഷ്യറിയിൽ ഇടപെടുന്നുവെന്നും അതു മുഴുവൻ ജഡ്ജിമാരെയും വിളിച്ച് ചർച്ച ചെയ്യണമെന്നും ജസ്റ്റിസ് ജസ്തി ചെലമേശ്വർ കഴിഞ്ഞ 21നു ചീഫ് ജസ്റ്റിസിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് കുര്യൻ ജോസഫിന്റെ കത്തിന്റെ വിശദാംശങ്ങൾ:

∙ കോടതിയുടെ അന്തസ്സിനെ ജസ്റ്റിസ് സി.എസ്. കർണൻ ചോദ്യം ചെയ്തപ്പോൾ വിഷയം സ്വമേധയാ കേസാക്കി കോടതിയിൽ പരിഗണിക്കാമെന്നാണ് ഫുൾ കോർട്ട് (മുഴുവൻ ജഡ്ജിമാരുടെയും യോഗം) തീരുമാനിച്ചത്. ഇത്തരം സുപ്രധാന വിഷയങ്ങൾ ഏറ്റവും മുതിർന്ന ഏഴു ജഡ്ജിമാരുൾപ്പെട്ട ബെഞ്ചാണു പരിഗണിക്കേണ്ടതെന്നും ഫുൾ കോർട്ട് തീരുമാനിച്ചിരുന്നു. അതിനേക്കാൾ ഗുരുതരമല്ലേ ഇപ്പോഴത്തെ സാഹചര്യം?

∙ ജസ്റ്റിസ് കർണന്റെ വിഷയം കോടതിയുടെ അന്തസ്സിനു ഭീഷണിയായിരുന്നു. ഇപ്പോഴത്തേത് സ്ഥാപനത്തിന്റെ ജീവനും നിലനിൽപിനും തന്നെ ഭീഷണിയാണ്.

∙ കോടതിക്കു ജോലിഭാരത്തിന്റെ സമ്മർദമുണ്ട്. മൊത്തം 31 ജഡ്ജിമാർ വേണ്ടിടത്ത് നിലവിൽ സുപ്രീം കോടതിയിലുള്ളത് 24 പേരാണ്.

∙ ജഡ്ജി നിയമന ശുപാർശകളിൽ യുക്തിസഹമായ തീരുമാനമുണ്ടാകുന്നില്ലെന്നതു കോടതിയുടെ അന്തസ്സും അഭിമാനവും കോടതിയോടുള്ള ബഹുമാനവും ദിവസംതോറും നഷ്ടപ്പെടുത്തുന്നു.

∙ ജഡ്ജിമാർക്കു സർക്കാർ നൽകുന്ന തെറ്റായ സന്ദേശം മൂലമുള്ള പരിഹരിക്കാനാവാത്ത പരുക്ക് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. ചീഫ് ജസ്റ്റിസ് വ്യക്തിപരമായി നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

∙ വിഷയം ആദ്യം ഏഴു ജഡ്ജിമാരെങ്കിലുമുൾപ്പെട്ട ബെഞ്ച് പരിഗണിക്കണം. നിശ്ചിത സമയത്തിനുള്ളിൽ സാധാരണ പ്രസവം സംഭവിക്കാതെ വന്നാൽ ഉടനടി സിസേറിയൻ നടത്തും. അങ്ങനെ ഇടപെട്ടില്ലെങ്കിൽ ഗർഭസ്ഥശിശു മരിക്കും.

∙ സുപ്രീം കോടതിയെന്ന മഹനീയ സ്ഥാപനത്തെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും കരുതി, കുഞ്ഞു മരിക്കും മുൻപ്, ഉടൻ ഉചിതമായ ബെഞ്ച് രൂപീകരിക്കണം. അല്ലെങ്കിൽ ചരിത്രം നമ്മോടു പൊറുക്കില്ല.

related stories