Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ദു തല്ലിക്കൊന്നതുതന്നെ; സ്വന്തം മന്ത്രിയുടെ ശിക്ഷ ശരിവച്ച് അമരീന്ദർ സിങ് സർക്കാർ

PTI3_17_2017_000247A

ന്യൂഡൽഹി ∙ കോടതിയിൽ സ്വന്തം മന്ത്രിസഭാംഗത്തിന്റെ ശിക്ഷ ശരിവച്ച് അമരീന്ദർ സിങ് സർക്കാർ. 30 വർഷം മുൻപ് തർക്കത്തിനിടെ ഗുർണാംസിങ് എന്നയാളെ അടിച്ചുകൊന്ന കേസിൽ വാദം കേൾക്കെ, പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിനെതിരായ ശിക്ഷയെ സർക്കാർ അഭിഭാഷകർ അനുകൂലിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കു മുൻപാണു സിദ്ദു ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്നതും തുടർന്നു പഞ്ചാബ് മന്ത്രിസഭയിൽ അംഗമായതും. തെളിവുകളനുസരിച്ച് ഗുർണാംസിങ് മരിച്ചതു ഹൃദയാഘാതം മൂലമല്ലെന്നും തല്ലിനെത്തുടർന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നും പഞ്ചാബ് സർക്കാരിനു വേണ്ടി ഹാജരായ സൻറാം സിങ് സാരോൺ വാദിച്ചു.

ഹൃദയാഘാതം മൂലമെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി തള്ളിയതാണ്. വാദം പതിനേഴുവരെ തുടരും. സിദ്ദുവിന്റെ വാദം ഇനിയാണു കേൾക്കാനുള്ളത്. കേസിൽ വിചാരണക്കോടതി 1999 സെപ്റ്റംബറിൽ സിദ്ദുവിനെ വിട്ടയച്ചിരുന്നു. എന്നാൽ ഹൈക്കോടതി 2006 ഡിസംബറിൽ സിദ്ദുവിനെയും കൂട്ടുപ്രതി രൂപിന്ദർ സിങ്ങിനെയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു മൂന്നുവർഷം തടവിനു വിധിച്ചു. 2007ൽ സുപ്രീം കോടതി അമൃത്‍സർ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സിദ്ദുവിനു സ്റ്റേ അനുവദിക്കുകയായിരുന്നു.