Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കെതിരെ രോഷം: കറുപ്പണിഞ്ഞ് തമിഴകം

modi-go-back-chennai ഗോ ബ്ലാക്ക്: ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാവേരി ബോർഡ് രൂപീകരണം വൈകുന്നതിലുള്ള പ്രതിഷേധമറിയിക്കാനായി കറുപ്പുവസ്ത്രങ്ങളണിഞ്ഞെത്തിയ ഡിഎംകെ പ്രവർത്തകർ കറുത്ത ബലൂൺ ഉയർത്തിയപ്പോൾ.

ചെന്നൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ തമിഴ്നാട്ടിൽ തെരുവു മുതൽ സമൂഹ മാധ്യമങ്ങളിൽ വരെ പ്രതിഷേധ വേലിയേറ്റം. കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കാത്തതിനെതിരായ പ്രതിഷേധത്തിൽ കറുപ്പു വസ്ത്രങ്ങളണിഞ്ഞും കരിങ്കൊടി വീശിയും കറുത്ത ബലൂണുകൾ ആകാശത്തേക്കു പറത്തിയും വീടുകൾക്കു മുകളിൽ കറുത്ത കൊടി കെട്ടിയും പതിനായിരങ്ങൾ കണ്ണിചേർന്നു. ‘#gobackmodi’ ഹാഷ്ടാഗ് ട്വിറ്ററിൽ രാജ്യാന്തര തലത്തിൽ തന്നെ ഏറ്റവും ട്രെൻഡിങ് ആയി.

പ്രതിപക്ഷ പാർട്ടികൾക്കു പുറമേ വിവിധ സംഘടനകളും സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. മൊത്തം 1354 പേർ അറസ്റ്റിലായി. ഈറോഡിൽ യുവാവ് സ്വയം തീകൊളുത്തി മരിച്ചു. ‘മുഖ്യമന്ത്രി പളനിസ്വാമി, നിങ്ങൾ ഒരു തമിഴനാണെങ്കിൽ മോദിയുടെ വരവ് തടയുക’ എന്നു വീടിന്റെ ചുവരിൽ എഴുതിവച്ച ശേഷമാണു ധർമലിംഗം (25) എന്ന യുവാവ് ജീവനൊടുക്കിയത്.

പ്രധാനമന്ത്രിയുടെ യാത്ര പൂർണമായി ഹെലികോപ്റ്ററിലാക്കിയിരുന്നു. കാഞ്ചീപുരത്തു ഡിഫൻസ് എക്സ്പോയുടെയും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഡയമണ്ട് ജൂബിലി കെട്ടിടത്തിന്റെയും ഉദ്ഘാടനത്തിനാണു മോദി എത്തിയത്. ചെന്നൈ വിമാനത്താവളത്തിനു പുറത്തു പ്രതിഷേധത്തിനു നേതൃത്വംനൽകിയ സംവിധായകരായ ഭാരതിരാജ, അമീർ, വെട്രിമാരൻ എന്നിവരെ അറസ്റ്റ് ചെയ്തു. സമരക്കാർ റോഡുകൾ കയ്യടക്കിയതോടെ ചെന്നൈയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനു പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഒരു കിലോമീറ്ററോളം നടക്കേണ്ടി വന്നു. വീടിനു മുകളിൽ കറുത്ത കൊടി ഉയർത്തിയും കറുപ്പു വസ്ത്രമണിഞ്ഞും ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയും പ്രതിഷേധത്തിന്റെ ഭാഗമായി. കറുപ്പണിഞ്ഞ കരുണാനിധിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഐഐടി ക്യാംപസിലൂടെ കടന്നുപോയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ വിദ്യാർഥികൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു.

പ്രധാനമന്ത്രി വന്നിറങ്ങിയ ഒൻപതു മണി മുതൽ ഡൽഹിയിലേക്കു മടങ്ങിയ രണ്ടര വരെ പ്രതിഷേധം അലയടിച്ചു. എന്നാൽ പങ്കെടുത്ത ഇരു പരിപാടികളിലും അദ്ദേഹം കാവേരി വിഷയം പരാമർശിച്ചില്ല. സുപ്രീം കോടതി നിർദേശപ്രകാരമുള്ള കാവേരി ജല വിനിയോഗ ബോർഡ് രൂപീകരണത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രിക്കു നിവേദനം നൽകി. കർണാടക തിരഞ്ഞെടുപ്പു കാരണമാണു തീരുമാനം വൈകുന്നതെന്ന് ആരോപിക്കുന്ന വിഡിയോ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ പുറത്തുവിട്ടു.

related stories