Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമ ദാസ് റോക്ക്സ്റ്റാർ!; നൈരാശ്യത്തിൽനിന്നു കരകേറാൻ ഒറ്റയ്ക്കൊരു സിനിമ ഉണ്ടാക്കിയ കഥ

scene-from-village-rockstars ‘വില്ലേജ് റോക്ക്സ്റ്റാർസി’ൽ നിന്നുള്ള രംഗം.

മുംബൈ∙ സ്റ്റോറിബോർഡ് ഇല്ല; ചിത്രീകരണം തുടങ്ങുമ്പോൾ ക്ലാപ്പടിക്കാൻ പോലും ആരുമില്ല. കഥയെഴുത്തും സംവിധാനവും എഡിറ്റിങ്ങും ക്യാമറയുമെല്ലാം ഒറ്റയ്ക്കു കൈകാര്യം ചെയ്തു റിമദാസ് (36) എടുത്ത അസമീസ് ചിത്രം ‘വില്ലേജ് റോക്ക്സ്റ്റാർസ്’ നേടിയതു മികച്ച സിനിമയ്ക്കുള്ള ദേശീയപുരസ്കാരം. 1988നുശേഷം അസമീസ് ചിത്രത്തിനു ദേശീയ അംഗീകാരം ഇതാദ്യം. ചിത്രത്തിന്റെ യുഎസിലെ പ്രദർശനത്തിനായി റിമ ഇപ്പോൾ ലൊസാഞ്ചലസിലാണ്.

കോളജ് വിദ്യാഭ്യാസത്തിനുശേഷം 2003 ൽ മുംബൈയിൽ അഭിനയമോഹവുമായെത്തിയെങ്കിലും ഒരു അവസരവും കിട്ടിയില്ല. ഹിന്ദി അറിയാത്തതായിരുന്നു മറ്റൊരു തടസ്സം. ഇതോടെ കടുത്ത വിഷാദം ബാധിച്ച റിമ തിരിച്ച് അസമിലെത്തി സിനിമയെക്കുറിച്ച് അറിയേണ്ടതെല്ലാം സ്വയം വായിച്ചു പഠിച്ചു; ലോകോത്തര സിനിമകൾ കണ്ടു; ആദ്യം ഹ്രസ്വചിത്രങ്ങളെടുത്തു പരീക്ഷണം നടത്തി. ‘മാൻ വിത്ത് ദ് ബൈനോക്കുലേഴ്സ്’ എന്ന ആദ്യ മുഴുനീള സിനിമയെടുത്തത് 2016ൽ.

Rima-Das റിമ ദാസ്

റിമയുടെ സ്വന്തം ഗ്രാമമായ ഛായാഗാവിൽ തെർമോക്കോളു കൊണ്ട് സംഗീതഉപകരണങ്ങളുടെ രൂപമുണ്ടാക്കി പാട്ടും പാടി നടന്ന ഗ്രാമീണബാലന്മാരെ കാണാനിടയായതാണു ‘വില്ലേജ് റോക്ക്സ്റ്റാർസി’ന്റെ കഥയ്ക്കു വിത്തിട്ടത്. സ്വന്തമായി സംഗീതസംഘം ഉണ്ടാക്കാനും ഒരു ഇലക്ട്രിക് ഗിറ്റാർ സ്വന്തമാക്കാനും മോഹിച്ചു നടക്കുന്ന പത്തുവയസ്സുകാരി ധുനുവിനെ ഈ സിനിമയിൽ അവതരിപ്പിച്ച ഭനിത ദാസിനാണു മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം. ഓഡിയോഗ്രഫി, എഡിറ്റിങ് വിഭാഗങ്ങളിലും പുരസ്കാരം വില്ലേജ് റോക്ക്സ്റ്റാറിനാണ്. ഗുവാഹത്തിയിൽനിന്നു 38 കിലോമീറ്റർ അകലെയുള്ള ഛായാഗാവ് പശ്ചാത്തലമാക്കിയാണു റിമയുടെ അടുത്ത സിനിമയും.