Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീരാമുലുവിനെതിരെ മൽസരിക്കും: ബിജെപി സിറ്റിങ് എംഎൽഎ

ബെംഗളൂരു ∙ ബെള്ളാരി ഖനി ലോബിയിലെ കരുത്തനായ ബി. ശ്രീരാമുലുവിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ബിജെപിയിൽ പൊട്ടിത്തെറി. ചിത്രദുർഗയിലെ മുളകാൽമുരുവിൽ ബിജെപി സ്ഥാനാർഥിയായ ശ്രീരാമുലുവിനെതിരെ സ്വതന്ത്രനായി മൽസരിക്കുമെന്നു പാർട്ടി സിറ്റിങ് എംഎൽഎ എസ്. തിപ്പസ്വാമി പ്രഖ്യാപിച്ചു. മറ്റേതെങ്കിലും പാർട്ടി സീറ്റ് തന്നാൽ അവരുടെ സ്ഥാനാർഥിയായി മൽസരിക്കാനും താൽപര്യമറിയിച്ചിട്ടുണ്ട്.

നിലവിൽ ബെള്ളാരി റൂറൽ എംപിയായ ശ്രീരാമുലു, അവിടെ ജനപിന്തുണ നഷ്ടമായെന്നു മനസ്സിലായതോടെയാണു നിയമസഭയിലേക്കു മൽസരിക്കുന്നതെന്നു തിപ്പസ്വാമി ആരോപിച്ചു. ജനതാദൾ (എസ്) വിട്ടുവന്ന ഡോ. ശിവരാജ് പാട്ടീലിനു ബിജെപി റായിച്ചൂരിൽ സീറ്റ് നൽകിയതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. അതിനിടെ ബെംഗളൂരു പത്‌മനാഭനഗറിൽ എം. ശ്രീനിവാസിനു കോൺഗ്രസ് ടിക്കറ്റ് നൽകരുതെന്നാവശ്യപ്പെട്ട് പ്രവർത്തകർ കർണാടക പിസിസി ഓഫിസിനു മുന്നിൽ ധർണ നടത്തി.

related stories