Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമിച്ചു പറന്നു; ഭിന്നിച്ചിറങ്ങി

VS-Achuthanandan

ഹൈദരാബാദ്∙ വിഭാഗീയതയുടെ പേരിൽ പാർട്ടി കോൺഗ്രസുകൾക്കു മുന്നിൽ ഒരിക്കൽ നാണംകെട്ടുനിന്ന കേരളഘടകത്തിലെ മൂന്നു പ്രധാനപ്പെട്ട നേതാക്കളും ഇന്നലെ ഒരേ വിമാനത്തിലാണു ഹൈദരാബാദിലിറങ്ങിയത്: പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ. വിമാനമിറങ്ങിയ ശേഷം ഭിന്നത തലപൊക്കിയെന്നതു നേര്.

ബിജെപിക്കെതിരെ എല്ലാ മതനിരപേക്ഷ കക്ഷികളും ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണു വിഎസ് വാചാലനായത്. ഹൈദരാബാദ് വിമാനത്താവളത്തിൽ വീൽചെയറിലിരുന്നാണു വിഎസ് എന്ന പഴയ പടനായകൻ തന്റെ പ്രിയപ്പെട്ട സീതാറാം യച്ചൂരിക്കായി ശബ്ദിച്ചത്. അദ്ദേഹത്തെ വരവേൽക്കാനായി വിമാനത്താവളത്തിലെത്തിയ മലയാളികളിൽനിന്നു കിട്ടിയ ആവേശം അച്യുതാനന്ദന്റെ മുഖത്തു പ്രകടം.

എന്നാൽ, അതേ ദിവസംതന്നെ കോടിയേരി ബാലകൃഷ്ണൻ വിഎസിന്റെ ‘ലൈൻ തള്ളി’. ബിജെപിയെ പ്രതിരോധിക്കാനായി കോൺഗ്രസിന്റെ കൂട്ടു വേണ്ടെന്നു കോടിയേരി തീർത്തുപറഞ്ഞു. അതാണു കേരളഘടകം വാശിയോടെ എടുക്കുന്ന നില. സീതാറാം യച്ചൂരിയും ബംഗാളും എത്രകണ്ടു വാദിച്ചാലും അയയില്ലെന്ന തീരുമാനത്തോടെയാണു കേരള നേതൃത്വം ഇവിടെയെത്തിയിരിക്കുന്നത്.

കരടു രാഷ്ട്രീയ പ്രമേയത്തിന്മേൽ ബംഗാളും യച്ചൂരിപക്ഷക്കാരും ഭേദഗതികൾ കൊണ്ടുവരുമെന്നുറപ്പ്. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമോ നീക്കുപോക്കോ വേണ്ടെന്ന നിലപാടു ഖണ്ഡിക്കുന്ന ഭേദഗതികളാകും അവർ മുന്നോട്ടുവയ്ക്കുക. അപ്പോൾ കേരളത്തിൽനിന്നെത്തിയ 175 പേരിൽ ആരെങ്കിലും അനുകൂലമായി കൈപൊക്കാനുള്ള ധൈര്യം കാണിക്കുമോ? ആകാംക്ഷയുയർത്തുന്ന ചോദ്യം അതായിരിക്കും.

∙ എന്തുകൊണ്ടു കോൺഗ്രസ് വേണ്ട?

ബിജെപി വിരുദ്ധ പൊതുവേദിയിൽ നിന്നു കോൺഗ്രസിനെ എങ്ങനെ മാറ്റിനിർത്താൻ കഴിയുമെന്ന സംശയാലുക്കളോടു കേരളനേതൃത്വം വിശദീകരിക്കുന്നത് ഇങ്ങനെ: കോൺഗ്രസുമായി ചേരുമ്പോഴൊക്കെ പരാജയമേ ഉണ്ടായിട്ടുള്ളൂ. ഒടുവിലത്തെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുതന്നെ അതിന്റെ തെളിവാണ്. കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയാകുന്ന കാലഘട്ടത്തിൽ കോൺഗ്രസിനെ കൂട്ടണമെന്നു പറയുന്നതിൽ യുക്തിയില്ല. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സ്വീകരിച്ച സമീപനമാണ് അഭികാമ്യം. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താനായി മാത്രം കോ‍ൺഗ്രസിനെ പിന്തുണയ്ക്കേണ്ട സാഹചര്യം ആവർത്തിച്ചാൽ അതു ചെയ്യാം. എന്നാൽ അത് ഇപ്പോൾത്തന്നെ പ്രഖ്യാപിക്കേണ്ട കാര്യമില്ല.

∙ പ്രതികൂലികളെ വേണ്ട

ഈ കോൺഗ്രസ് വിരുദ്ധ നയത്തോടു യോജിക്കാത്ത, യച്ചൂരിയെ അനുകൂലിക്കാനിടയുള്ള നേതാക്കളെയും വിഭാഗങ്ങളെയും പാർട്ടി കോൺഗ്രസിൽനിന്നു തന്നെ ഒഴിവാക്കിനിർത്താനുള്ള സൂക്ഷ്മത നേതൃത്വം കാട്ടിയിട്ടുണ്ട്. പുരോഗമനകലാസാഹിത്യസംഘം ജനറൽ സെക്രട്ടറി വി.എൻ. മുരളി തന്നെ നിരീക്ഷകൻ മാത്രമാണ്. പരിഷത് നേതൃത്വത്തിൽ നിന്നാരുമില്ല.