Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി സ്വീഡനിൽ; ഇന്ത്യ – നോർ‌ഡിക് ഉച്ചകോടി ഇന്ന്

Narendra Modi

സ്റ്റോക്കോം ∙ അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീഡനിലെത്തി. യുകെ, ജർമനി എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. 

സ്വീഡൻ തലസ്ഥാനമായ സ്റ്റോക്കോമിൽ ഇന്ന് പ്രഥമ ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. നോർഡിക് രാജ്യങ്ങളായ സ്വീഡൻ, നോർവേ, ഫിൻലൻഡ്, ഡെന്മാർക്ക്, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ ഉച്ചകോടിയിൽ സംബന്ധിക്കും. 

സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വെനുമായി പ്രത്യേക കൂടിക്കാഴ്ചയുണ്ട്. പാരമ്പര്യേതര ഊർ‌ജം, വ്യാപാര മേഖലകളിലെ സഹകരണം ചർച്ചയാകും. 

ഉച്ചകോടിക്കുശേഷം ലണ്ടനിലെത്തുന്ന മോദി, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചർച്ച നടത്തും. ആരോഗ്യം, വിദ്യാഭ്യാസം, പാരമ്പര്യേതര ഊർജം, സൈബർ സുരക്ഷ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന കരാറുകളും ഒപ്പുവയ്ക്കും. 

നാളെ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി പ്രസംഗിക്കും. 

19നും 20നും നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും (ചോഗം ഉച്ചകോടി) പ്രധാനമന്ത്രി പങ്കെടുക്കും. 20നു ജർമൻ ചാൻസലർ അംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തും. 

related stories