Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുര കാമരാജ് വിവാദം: താൻ പറഞ്ഞ ‘അന്വേഷണം’ മതിയെന്ന് ഗവർണർ

banwarilal-purohit ബന്‍വാരിലാല്‍ പുരോഹിത്

ചെന്നൈ∙ മധുര കാമരാജ് സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർക്കു വഴങ്ങിക്കൊടുക്കാൻ വിദ്യാർഥിനികളെ വനിതാ പ്രഫസർ നിർബന്ധിച്ച കേസിൽ അന്വേഷണത്തിന് സർവകലാശാല രൂപീകരിച്ച അഞ്ചംഗ സമിതി ഗവർണർ ബൻവാരിലാൽ പുരോഹിത് പിരിച്ചുവിട്ടു.

താൻ നിയോഗിച്ച റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ആർ. സന്താനം അന്വേഷണം നടത്തിയാൽ മതിയെന്നാണ് ഗവർണറുടെ നിലപാട്. കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സന്താനത്തിന്റെ റിപ്പോർട്ട് വന്ന ശേഷം സിബിഐ അന്വേഷണം വേണമോയെന്ന കാര്യം തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, കേസിലെ പൊലീസ് അന്വേഷണം തമിഴ്നാട് സർക്കാർ ക്രൈംബ്രാഞ്ച് സിഐഡിക്കു കൈമാറി. 

‘സർവകലാശാലയുടെ ചാൻസലർ ഞാനാണ്. എന്നോട് ആലോചിക്കാതെയും ചട്ടങ്ങളിൽ വീഴ്ച വരുത്തിയുമാണ് വിസി അന്വേഷണം പ്രഖ്യാപിച്ചത്’, ഗവർണർ പറഞ്ഞു. ന്യൂഡൽഹിയിലായിരുന്ന വിസി പി.പി. ചെല്ലദുരൈ ഇന്നലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഞ്ചംഗ അന്വേഷണ കമ്മിറ്റിയെ പിരിച്ചുവിട്ടതായുള്ള അറിയിപ്പ് വന്നത്. ഗവർണർ ഉത്തരവിട്ട അന്വേഷണത്തോടു സഹകരിക്കുമെന്നു സർവകലാശാല അറിയിച്ചു.

വിദ്യാർഥിനികളോട് ഫോണിലൂടെ സംസാരിച്ച വിരുദുനഗർ ദേവംഗ ആർട്സ് കോളജിലെ പ്രഫസർ നിർമല ദേവിയെ 28വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഗവർണറുമായി താൻ അടുത്തിടപഴകിയതു കണ്ടില്ലേ, അദ്ദേഹവുമൊത്തുള്ള വിഡിയോ അയച്ചു തരാം എന്നിങ്ങനെ നിർമലയുടെ ശബ്ദരേഖയിലുള്ള പരാമർശങ്ങള്‍ വിവാദമായിരുന്നു.

ഇവരിൽനിന്ന് പിടിച്ചെടുത്ത മൂന്നു മൊബൈൽ ഫോണുകളിൽ പല വിദ്യാർഥിനികളുടെയും ചിത്രങ്ങളും മറ്റ് അശ്ലീല വിഡിയോകളും കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഗവർണർ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടതു സംശയത്തിനിട നൽകുന്നതായി പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ആരോപിച്ചു. 

related stories