Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബദൽ തോറ്റാൽ‍ യച്ചൂരി തുടരുമോ?

ഹൈദരാബാദ് ∙ ബദൽ േരഖകൊണ്ടു കാരാട്ടുപക്ഷത്തെ പ്രതിരോധത്തിലാക്കിയാണ് സീതാറാം യച്ചൂരി വിശാഖപട്ടണത്തെ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായത്. ഇപ്പോൾ ബദൽ നിലപാടിന്റെ പേരിൽ അദ്ദേഹത്തിനു ജനറൽ സെക്രട്ടറിസ്ഥാനം നഷ്ടപ്പെടുമോയെന്നതാണു ചോദ്യം. ഊഹങ്ങൾക്കു താനെന്തിനു മറുപടി നൽകണമെന്നാണ് യച്ചൂരിയുടെ ഉത്തരം.

താൻ മുന്നോട്ടു വയ്ക്കുന്ന നിലപാട് പാർട്ടി കോൺഗ്രസ് തള്ളിക്കളഞ്ഞാൽ യച്ചൂരി ജനറൽ െസക്രട്ടറിപദമൊഴിയാനുള്ള സാധ്യത നിലനിൽക്കുന്നു. അദ്ദേഹത്തിനു രണ്ടുതവണകൂടി ജനറൽ സെക്രട്ടറിയാവാൻ ഭരണഘടന അനുവദിക്കുന്നുവെന്നു കാരാട്ടുപക്ഷം. എന്നാൽ, നിലപാടു പരാജയപ്പെട്ടാലും ആ ഒൗദാര്യം വേണ്ടെന്നാണ് യച്ചൂരിയുടെ പക്ഷം.

2014ലെ ബദൽ

പാർട്ടി രണ്ടര പതിറ്റാണ്ടായി സ്വീകരിക്കുന്ന രാഷ്ട്രീയ അടവുനയം വിശകലനം ചെയ്തുള്ള വിശദമായ രേഖ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനാണ് അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും കൂട്ടരും താൽപര്യപ്പെട്ടത്. അതിന്റെ രൂപരേഖ പൊളിറ്റ്ബ്യൂറോയിൽ അവതരിപ്പിക്കുകയും ചെയ്തു. നയമല്ല, അതു നടപ്പാക്കിയ രീതിയാണു വിശകലനം ചെയ്യേണ്ടതെന്നു വാദിച്ച യച്ചൂരി, കാരാട്ടിന്റെ കാലമാണു പരിശോധിക്കേണ്ടതെന്നു സൂചിപ്പിക്കുകയും ചെയ്തു. പിബി, കാരാട്ടുപക്ഷത്തിന്റെ നിലപാട് അംഗീകരിച്ചു. തുടർന്നാണ് യച്ചൂരി ബദൽ രേഖയുമായി കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്. അദ്ദേഹത്തിന്റെ പല വാദങ്ങളും സിസി അംഗീകരിച്ചു. സംഘടനയെ ശക്തമാക്കാനുള്ള നടപടികളാണു വേണ്ടതെന്നും അതിനു പ്ലീനം നടത്തണമെന്നുമുള്ള നിർദേശം പാർട്ടി കോൺഗ്രസും അംഗീകരിച്ചു. അതിന്റെ ആത്മവിശ്വാസത്തിൽ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ബംഗാൾ ഘടകത്തിന്റെ കരുത്തുറ്റ പിന്തുണയിൽ യച്ചൂരിക്കു ജനറൽ സെക്രട്ടറിയാവാൻ സാധിച്ചത്.

മൂന്നു വർഷവും ബദൽ

ജനറൽ സെക്രട്ടറിയായിരുന്ന മൂന്നു വർഷവും യച്ചൂരിയുടെ ഏതു നിലപാടും വാസ്തവത്തിൽ ബദൽ സ്വഭാവമുള്ളതായിരുന്നു. സിസിയിലും പിബിയിലും അദ്ദേഹത്തിനു ഭൂരിപക്ഷ പിന്തുണ ഇല്ലെന്നതുതന്നെ കാരണം. പിന്തുണയ്ക്കില്ലെന്നു മാത്രമല്ല, തന്നെ ഭൂരിപക്ഷക്കാർ കടുത്ത സമ്മർദത്തിലാക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയനയം നടപ്പാക്കിയതു വിലയിരുത്തുന്നതിനെച്ചൊല്ലിയായിരുന്നു നേരത്തേ തർക്കമെങ്കിൽ, നയം മാറ്റുന്നതാണ് ഇപ്പോഴത്തെ വിഷയം. നയം മാറ്റേണ്ടെന്നു പിബിയിലെയും സിസിയിലെയും ഭൂരിപക്ഷവും, മാറ്റണമെന്നു ജനറൽ സെക്രട്ടറിയും. നയമാണോ ജനറൽ സെക്രട്ടറിയാണോ മാറുകയെന്ന് ഇന്നറിയാം; തർക്കം മതിയാക്കി, െഎക്യത്തോടെ മുന്നോട്ടു പോകാൻ സഹായിക്കുന്ന നീക്കുപോക്കിനാണോ ധാരണയെന്നും.

കോൺഗ്രസുമായി ധാരണയില്ലെന്ന വാചകം മാറ്റിയാൽ മതി, ധാരണയുണ്ടാവുമെന്നു പറയേണ്ടതില്ലെന്നും യച്ചൂരിപക്ഷം സൂചിപ്പിച്ചുകഴിഞ്ഞു.