Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപക് മിശ്രയ്ക്കെതിരെ കുറ്റവിചാരണ നീക്കം; ഉന്നയിക്കുന്നതു ഗുരുതര കുറ്റാരോപണങ്ങൾ

Justice Dipak Misra ജസ്റ്റിസ് ദീപക് മിശ്ര

ന്യൂഡൽഹി∙ സിബിഐ ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യമില്ലെന്നു സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏഴു പ്രതിപക്ഷ കക്ഷികൾ രാജ്യസഭാധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിനു നോട്ടിസ് നൽകി. പെരുമാറ്റദൂഷ്യവും അധികാര ദുർവിനിയോഗവുമാണു കുറ്റങ്ങൾ. ഇതോടെ, സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ മാധ്യമസമ്മേളനം നടത്തിക്കൊണ്ടു ജനുവരിയിൽ തുടങ്ങിവച്ച പ്രതിഷേധം രാ‌ഷ്ട്രീയലോകം ഏറ്റെടുത്തു. കുറ്റവിചാരണ നീക്കം നേരിടുന്ന ആദ്യ ചീഫ് ജസ്റ്റിസാണു ദീപക് മിശ്ര.

കോൺഗ്രസ്, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, മുസ്‌ലിം ലീഗ്, എൻസിപി എന്നീ കക്ഷികളിലെ 71 എംപിമാരാണു നോട്ടിസിൽ ഒപ്പുവച്ചിരിക്കുന്നത്. ഇതിൽ ഏഴുപേർ അടുത്ത കാലത്തു രാജ്യസഭാ കാലാവധി പൂർത്തിയാക്കിയവരാണ്. നോട്ടിസിന് 50 എംപിമാരുടെ പിന്തുണ മതി. ബജറ്റ് സമ്മേളനത്തിൽ ഒപ്പുശേഖരണം തുടങ്ങിയെങ്കിലും അതു പൂർത്തിയാക്കാനോ നോട്ടിസ് നൽകാനോ കോൺഗ്രസ് മുതിർ‌ന്നിരുന്നില്ല.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കപിൽ സിബൽ എന്നിവരാണു പ്രതിപക്ഷ കക്ഷികളുടെ നിലപാടു മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. ഒരാഴ്ച കാത്തിരുന്ന ശേഷമാണു രാജ്യസഭാ‌ധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്കു സമയം ലഭിച്ചതെന്ന് അവർ പറഞ്ഞു. ഡി.രാജ (സിപിഐ), വന്ദന ചവാൻ (എൻസിപി) എന്നിവരും മാധ്യമസമ്മേളനത്തിനെത്തി. ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര കുറ്റാരോപണങ്ങളാണു പ്ര‌തിപക്ഷം ഉന്നയിക്കുന്നത്. ഇതിൽ ലോയ കേസ് പരാമർശിക്കുന്നില്ല. 

ആരോപണങ്ങൾ:

∙ പ്രസാദ് വിദ്യാഭ്യാസ ട്രസ്റ്റ് കേസിൽ ചീഫ് ജസ്റ്റിസ് പ്രത്യേക താൽപര്യം കാട്ടി. ഇടനിലക്കാരുടെ സംഭാഷണങ്ങളിൽ ചീഫ് ജസ്റ്റിസിനെതിരായ സൂചനകൾ വ്യ‌ക്തം. സിബിഐ കേസ് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്. 

∙ പ്രസാദ് ട്രസ്റ്റ് വിഷയത്തിൽ അന്വേഷണമാവശ്യപ്പെടുന്ന പരാ‌തി പരിഗണിച്ചപ്പോൾ അനധികൃതമായി ഇടപെട്ടു. 

∙ പ്രസാദ് ട്രസ്റ്റിന്റെ കേസ് പരിഗണനയ്ക്കെത്തിയപ്പോൾ ജസ്റ്റിസ് ചെലമേശ്വറിനു മുൻകൂർ തീയതിയിട്ട നിർദേശം കോടതി ഉദ്യോഗസ്ഥർ മുഖേന നൽകി. 

∙ അഭിഭാഷകനായിരുന്ന കാലത്തു വ്യാജ സത്യവാങ്മൂലം നൽകി ഭൂമിയേറ്റെടുത്തു. ഇതിനെതിരെ 1985ൽ ഉത്തരവിറങ്ങിയിട്ടും ‌ഭൂമി തിരികെ നൽകിയതു 2012ൽ സുപ്രീം കോടതി ജഡ്ജിയായ ശേഷം. 

∙ സുപ്രീം കോടതി ഭരണത്തലവനെന്ന അധികാരം ദുരുപയോഗിച്ചു സുപ്രധാന കേ‌സുകൾ പ്ര‌‌ത്യേക ബെഞ്ചുകൾക്കു നൽകിയതു വി‌ധിയെ സ്വാധീനിക്കാൻ. 

ഒപ്പിടാതെ മൻമോഹനും ചിദംബരവും

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ ധനമന്ത്രിയും പ്രമുഖ അഭി‌ഭാഷകനുമായ പി.ചിദംബരവും നോട്ടിസിൽ ഒപ്പുവച്ചിട്ടില്ല. മുൻ ‌പ്രധാനമന്ത്രിയോട് ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നു കോൺ‌ഗ്ര‌സ് വിശദീകരിച്ചു. എങ്കിലും നോട്ടിസിന് അദ്ദേഹത്തിന്റെ പിന്തുണയുണ്ട്. ചിദംബരം ചില കേസുകളിൽ ഹാജരാകുന്ന സാഹചര്യത്തിലാണ് ഒപ്പുവയ്ക്കാതിരുന്നത്. മുതിർന്ന അഭി‌‌ഭാഷകനായ അഭിഷേക് മനു സിങ്‌വി ഒപ്പുവച്ചിട്ടുണ്ട്.