Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടുത്തു, ഈ രീതി; നമുക്കും വേണ്ടേ പ്രസിഡന്റും കുറേ ഭാരവാഹികളും!

cpm-logo-1.jpg.image.784.410

ഹൈദരാബാദ്∙ ആകെയൊരു ജനറൽ സെക്രട്ടറി, പിന്നെ കുറെ സെക്രട്ടറിമാർ‍. ഈ സംഘടനാശൈലി ബോറടിച്ചു, മറ്റു പാർട്ടികളെ കണ്ടുപഠിക്കൂ, എത്രയാണു ഭാരവാഹികൾ. അവർക്കെല്ലാം കിട്ടുന്ന അംഗീകാരം കണ്ടുകൂടേ? മാറിക്കൂടേ നമ്മൾക്കും? ഏതെങ്കിലും സഖാവിന്റെ ആത്മഗതമല്ല. പാർട്ടി കോൺഗ്രസിനു മുമ്പാകെ വന്ന ഭേദഗതിയാണ്. പാർട്ടി ഭരണഘടനയിന്മേൽ ലഭിച്ച ഭേദഗതികൾ പരിശോധിച്ചു പ്രതിനിധികൾക്കു നൽ‍കിയ റിപ്പോർട്ടിലാണു സഖാക്കൾ മാറിച്ചിന്തിക്കാൻ തുടങ്ങിയ കാര്യം കേന്ദ്രകമ്മിറ്റി സമ്മതിച്ചത്. പക്ഷേ, നിർദേശം അവർക്കു സ്വീകാര്യമല്ല, കയ്യോടെ കേന്ദ്രകമ്മിറ്റി തള്ളി. ‘കോൺഗ്രസിനെപ്പോലെ’ മാറണമെന്നാണല്ലോ ആ ഭേദഗതി. പുതുമയുള്ള ആശയം മുന്നോട്ടുവച്ചത് ആതിഥേയ സംസ്ഥാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ജി. രാമുലുവാണ്.

അദ്ദേഹം അഭിപ്രായപ്പെട്ടു: ‘നമ്മുടെ സംഘടനാ സംവിധാനം മാറണം. സാധാരണക്കാരെയും മാധ്യമങ്ങളെയും ആകർഷിക്കുന്ന തരത്തിലേക്കാകണം ആ മാറ്റം. നമ്മുടേത് ‘അംഗങ്ങളുടെ പാർ‍ട്ടി’യാണ്. പൊളിറ്റ്ബ്യൂറോ അംഗം, കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാകമ്മിറ്റി അംഗം, ഇതൊന്നും ആരെയും സ്വാധീനിക്കില്ല. പാർട്ടിക്കു ഗുണം ചെയ്യില്ല.’ പകരം രാമുലു വച്ച ഘടന: ദേശീയതലത്തിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഒൻപതു വൈസ് പ്രസിഡന്റുമാർ, ഒൻപതു സെക്രട്ടറിമാർ, ട്രഷറർ, അഞ്ചു വക്താക്കൾ. സംസ്ഥാനങ്ങളിലേക്കു വരുമ്പോൾ മൂന്നു വൈസ് പ്രസിഡന്റുമാരും മൂന്നു ജോയിന്റ് സെക്രട്ടറിമാരും. വക്താക്കൾ മൂന്നു മതി. ജില്ലകളിലും ഭാരവാഹികളെ കൂടാതെ ഓരോ വക്താക്കൾ വേണം. സംഘടനയെ ഇങ്ങനെ അഴിച്ചുപണിതാൽ ഈ ഭാരവാഹികൾക്കെങ്കിലും മാധ്യമശ്രദ്ധ കിട്ടും. ജനങ്ങളും അവർ പറയുന്നതിനു ചെവികൊടുക്കും. ഈ മുഴുവൻ ഭാരവാഹികളെയും സമ്മേളനങ്ങൾ തന്നെ തിരഞ്ഞെടുക്കണമെന്നും രാമുലു ആവശ്യപ്പെട്ടു.

പറഞ്ഞതിൽ കുറേയൊക്ക കാര്യമുണ്ടെന്ന് ഉന്നതസമിതികളിലുള്ളവർ തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷേ ‘കാലത്തിന്റെ പരീക്ഷകളെ അതിജീവിച്ച സംഘടനാശ്രേണിയിൽ ഒരു മാറ്റവും വേണ്ടെന്ന’ നിരീക്ഷണത്തോടെ കേന്ദ്രകമ്മിറ്റി അതു നിരാകരിച്ചു.