Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിനെതിരെ കുറ്റവിചാരണ: ശ്രദ്ധ ഉപരാഷ്ട്രപതിയിലേക്ക്

Venkaiah Naidu, Dipak Misra വെങ്കയ്യ നായിഡു, ജസ്റ്റിസ് ദീപക് മിശ്ര

ന്യൂഡൽഹി∙ പദവിക്കിണങ്ങാത്ത ഗുരുതര പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണു സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ പാർലമെന്റിനു കുറ്റവിചാരണ ചെയ്യാവുന്നത്. നോട്ടിസ് പരിശോധിക്കുന്ന സഭാധ്യക്ഷനായ ഉപരാഷ്ട്രപതിക്ക് അതു ശരിയായ രീതിയിലുള്ളതല്ലെന്നു വിലയിരുത്തി തള്ളിക്കളയാം. തീരുമാനം വൈകിക്കുകയുമാവാം. നോട്ടിസ് അംഗീകരിച്ചാൽ അടുത്ത പടി ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കലാണ്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ഓരോ ജഡ്ജിയും മുതിർന്ന നിയമജ്ഞനുമുൾപ്പെടുന്ന സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ സഭയ്ക്കു തുടർനടപടികൾ സാധ്യമാവൂ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ രണ്ടിനു വിരമിക്കും.

സുപ്രീം കോടതി ജസ്റ്റിസ് വി. രാമസ്വാമി, കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് സുമിത്ര സെൻ എന്നിവർക്കെതിരെയാണു മുൻപു കുറ്റവിചാരണ നീക്കമുണ്ടായിട്ടുള്ളത്. നോട്ടിസ് ലഭിക്കുന്നതുമുതൽ സമിതിയുടെ അന്വേഷണത്തിനുശേഷം പ്രമേയം സഭ പരിഗണിക്കുന്നതുവരെ എടുക്കാവുന്ന സമയം രണ്ടുവർ‍ഷമാ‌ണ്. ജസ്റ്റിസ് രാമസ്വാമിക്കെതിരെയുള്ള നോട്ടിസ് അംഗീകരിച്ചത് 1991 മാർച്ചിലാണ്. ലോക്സഭയിൽ പ്രമേയം ചർച്ച ചെയ്തത് 1993 മേയിലും. ജസ്റ്റിസ് സെന്നിനെതിരെയുള്ള നോട്ടിസ് അംഗീകരിച്ചതു 2009 ഫെബ്രുവരിയിൽ, രാജ്യസഭയിലെ ചർച്ച 2011 ഓഗസ്റ്റിലും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുള്ള നോട്ടിസ് അംഗീകരിച്ചാലും തുടർനടപടികൾക്കിടെ, ഒക്ടോബർ രണ്ടിന് അദ്ദേഹം വിരമിക്കും. അതോടെ നോട്ടിസ് കാലഹരണപ്പെടും.

കുറ്റവിചാരണ നടപടിക്രമം

1. രാജ്യസഭയിലാണു പ്രമേയം കൊണ്ടുവരുന്നതെങ്കിൽ 50 എംപിമാരുടെയും ലോക്സഭയിലാണെങ്കിൽ 100 പേരുടെയും പിന്തുണയോടെ നോട്ടിസ് 

2. നോട്ടിസ് സഭാധ്യക്ഷൻ അംഗീകരിച്ചാൽ അന്വേഷണത്തിനു മൂന്നംഗ സമിതി 

3. പെരുമാറ്റദൂഷ്യമോ കഴിവുകേടോ അന്വേഷണ സമിതിക്കു ബോധ്യമായാൽ റിപ്പോർട്ട് ബന്ധപ്പെട്ട സഭയ്ക്കു സ‌മർപ്പിക്കണം 

4. പ്രത്യേക ഭൂരിപക്ഷം ആവശ്യം: ആകെ അംഗങ്ങളുടെ പകുതിയിലേറെയും ഹാജരുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ടും അംഗീകരിച്ചാൽ കുറ്റവിചാരണ പ്രമേയം പാ‌സാകും 

5. ഒരു സഭ അംഗീകരിച്ചാൽ പ്രമേയം അടുത്ത സഭയുടെ പരിഗണനയ്ക്ക്. അവിടെയും പ്രത്യേക ഭൂരിപക്ഷം ലഭിച്ചാൽ പ്രമേയത്തിനു പാർലമെന്റിന്റെ അനുമതിയായി. 

6. അംഗീകരിക്കപ്പെട്ട പ്രമേയം രാഷ്ട്രപതിക്കു സമർപ്പിക്കണം. ജഡ്ജിയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവു രാഷ്ട്രപതി പുറപ്പെടുവിക്കുന്നതാണു കുറ്റവിചാരണ പ്രക്രിയയിലെ അവസാന നടപടി.

തൃണമൂലും ഡിഎംകെയും പിന്മാറി

ന്യൂഡൽഹി∙ തൃണമൂൽ കോൺഗ്രസും ഡിഎംകെയും കുറ്റവിചാരണ പ്രമേയത്തിൽ ഒ‌പ്പുവച്ചിട്ടില്ല. ചീഫ് ജസ്റ്റിസിനെതിരെ കോൺഗ്രസ് ഒപ്പുശേഖരണം തുട‌ങ്ങിയപ്പോൾ തന്നെ അവർ നിലപാടു വ്യക്തമാക്കിയിരുന്നു. സിപിഎമ്മാണു കുറ്റവിചാരണയ്ക്കു വേണ്ടി ആദ്യം ശബ്ദമുയർത്തിയത്. ഒപ്പുവയ്ക്കാത്ത മറ്റു പല പ്രതിപക്ഷ കക്ഷികളുടെയും ധാർമിക ‌പിന്തുണ തങ്ങൾക്കുണ്ടെന്നാണു കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.