Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുറിവേറ്റതു സമ്മതിക്കാതെ കേരളം; ഇനി രക്ഷാപ്രവർത്തനം

SRP-karat കാറൊഴിഞ്ഞോ? ഹൈദരാബാദില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനവേദിയിലേക്ക് ഒരേ വാഹനത്തിലെത്തിയ എസ്. രാമചന്ദ്രന്‍ പിള്ളയും പ്രകാശ് കാരാട്ടും.

ഹൈദരാബാദ്∙ ഉൾപ്പാർട്ടി സമരത്തിൽ മുറിവേറ്റതിന്റെ വേദനയിലാണു കേരള നേതൃത്വം. തിരിച്ചടികളുണ്ടായെന്ന വാദം അവർ തള്ളുന്നു. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് നൽകിയ വിശദീകരണം കേരളത്തിന്റെ വികാരംകൂടി ഉൾക്കൊണ്ടാണ്.

‘കോൺഗ്രസുമായി സഖ്യമില്ല’ എന്നതിനാണു പാർട്ടി പത്രം ഇന്നലെ ഊന്നൽനൽകിയത്. നേതാക്കൾ ആവർത്തിക്കുന്നതും അതു തന്നെ. പക്ഷേ, നീക്കുപോക്കുകൾക്കു പോലുമുണ്ടായിരുന്ന അയിത്തം ഇതോടെ ഇല്ലാതായിയെന്നു ബംഗാൾ പറഞ്ഞുകഴിഞ്ഞു. എങ്കിൽപ്പിന്നെ ചെങ്ങന്നൂരിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരു സ്ഥാനാർഥി പോരേയെന്ന ചോദ്യം ബിജെപി ഉയർത്തിയതിന്റെ അപകടം നേതാക്കളും മണക്കുന്നു.

രക്ഷാപ്രവർത്തനത്തിനായിരിക്കും വരുംദിവസങ്ങളിൽ പ്രാധാന്യം. അടിസ്ഥാന നയങ്ങളിൽ നിന്നു സിപിഎം വ്യതിചലിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന രാഷ്ട്രീയ വിശദീകരണങ്ങളിലേക്ക് ഉടൻ സംസ്ഥാന നേതൃത്വം കടക്കും. രഹസ്യവോട്ടിനു വേണ്ടിയുള്ള സമ്മർദം കേരള നേതൃത്വത്തിലും അങ്കലാപ്പുണ്ടാക്കിയെന്നു പറയുന്നവരുണ്ട്.

യച്ചൂരിയുടെ ബദൽപ്രമേയത്തെ അനുകൂലിച്ച് ആരും കൈപൊക്കില്ലെന്നു നേതൃത്വം ഉറപ്പിച്ചിരുന്നു. ഉന്നത നേതാക്കൾ തന്നെ ഇക്കാര്യം നേരിട്ട് ഉറപ്പാക്കി. രഹസ്യബാലറ്റ് വന്നാൽ അതേ ഉറപ്പ് ഔദ്യോഗിക നേതൃത്വത്തിനില്ലാതെ വന്നു. അതിന്മേലുള്ള തർക്കം പൊളിറ്റ്ബ്യൂറോയിൽ നീണ്ടപ്പോൾ അനുരഞ്ജനം അനിവാര്യമായി.

വി.എസ്. അച്യുതാനന്ദന്റെ ഭേദഗതിയുടെ തീക്ഷ്ണതയും സമഗ്രതയും പാർട്ടി കോൺഗ്രസിനെ സ്വാധീനിച്ചേക്കാവുന്ന തരത്തിലായിരുന്നുവെന്നും നേതാക്കൾ സമ്മതിക്കുന്നു. ആ ഭേദഗതിക്കു പിന്നിൽ ജനറൽ സെക്രട്ടറി തന്നെയാണെന്നും അവർ ഉറപ്പിക്കുന്നു. കേരള നേതാക്കളാരും പരസ്യമായ പ്രതികരണത്തിനു തയാറായില്ലെന്നതും ശ്രദ്ധേയമാണ്.

ഫെയ്സ്ബുക്കിൽ തോമസ് ഐസക്കിന്റെ കുറിപ്പാണ് ഇതിന് അപവാദം. കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന വ്യവസ്ഥ പറ്റില്ലെന്നു കേന്ദ്രകമ്മിറ്റിയിലെ ന്യൂനപക്ഷ വിഭാഗം ശഠിച്ചുവെന്ന് ഇക്കാര്യത്തിലെ തർക്കം സ്ഥിരീകരിച്ച് ഐസക് പറഞ്ഞു. ഒടുവിൽ ധാരണപോലും പാടില്ലെന്നത് ഒഴിവാക്കുകയും ധാരണയെന്നാൽ എന്തൊക്കെയെന്നു നിർവചിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഐസക് വിശദീകരിച്ചത്.

കഴിഞ്ഞ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ തങ്ങളാഗ്രഹിക്കാതെ ജനറൽ സെക്രട്ടറിയായ യച്ചൂരിയെ ഇവിടെ കൂടുതൽ പ്രതിസന്ധിയിലാക്കാമെന്നു കേരളനേതൃത്വത്തിലെ വലിയ വിഭാഗം കരുതിയിരുന്നു. അദ്ദേഹത്തെ കൂടുതൽ ശക്തനാക്കി വിടുന്നത് അവർ അനായാസം അനുവദിക്കുമോയെന്ന് ഇന്നറിയാം.

പിബിയിലും കേന്ദ്രകമ്മിറ്റിയിലും തനിക്കു ഭൂരിപക്ഷമുണ്ടാക്കാനുള്ള ശ്രമങ്ങളിലേക്കാണ് യച്ചൂരി ഇനി നീങ്ങുന്നതെന്ന് അവർ മനസ്സിലാക്കുന്നു. പുതിയ പിബി, സിസി തിരഞ്ഞെടുപ്പ് അതുകൊണ്ടു തന്നെ നാടകീയതകളിലേക്കു കടക്കാം. പാർട്ടിയുടെ ആകെ അംഗസംഖ്യയുടെ ഏതാണ്ടു പകുതിയുമുള്ള, ഭരണമുള്ള ഏക സംസ്ഥാനം നിസ്സഹായമായിരിക്കാൻ സാധ്യതയില്ല. രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് ചർച്ചയിൽ പങ്കെടുത്ത കേരളനേതാക്കളുടെ പ്രസംഗങ്ങൾ നൽകുന്ന സൂചനയും ആ വഴിക്കാണ്.

നയവിശകലനത്തിന് കേരളം, ബംഗാൾ മോഡൽ

കോൺഗ്രസുമായി ധാരണ പോലും പാടില്ലെന്ന ഭാഗം ഒഴിവാക്കിയതുകൊണ്ടു ധാരണയുണ്ടാക്കാനുള്ള അനുവാദം നൽകിയെന്ന് അർഥമാക്കേണ്ടെന്നാണു കേരളനേതാക്കൾ പറയുന്നത്. എന്തിലൊക്കെ ധാരണയാകാമെന്നും അതിനൊപ്പം തന്നെ തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്റെ കാര്യം അതിൽ പറയുന്നില്ലെന്നു കേരളം വാദിക്കുമ്പോൾ തിരഞ്ഞെടുപ്പിന്റെ കാര്യം ഉചിതസമയത്ത് എന്നുകൂടി തീരുമാനിച്ചതാണു ബംഗാൾ ചൂണ്ടിക്കാട്ടുന്നത്. അതായത്, ഇപ്പോൾ പാർലമെന്റിനകത്തും പുറത്തും സമരമുഖങ്ങളിലും ഉണ്ടാക്കുന്ന ധാരണ ഭാവിയിൽ രാഷ്ട്രീയധാരണയായി വളരുക തന്നെ ചെയ്യുമെന്ന് അവർ കരുതുന്നു.