Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യശ്വന്ത് സിൻഹ ബിജെപി വിട്ടു; മോദിക്കും ബിജെപിക്കും രൂക്ഷവിമർ‌ശനം

Yashwant Sinha withTejaswi Yadav and Renuka Chowdhary പട്നയിൽ രാഷ്ട്രീയ മഞ്ചിന്റെ ദേശീയ കൺവൻഷനിൽ കോൺഗ്രസ് എംപി രേണുക ചൗധരി, ആർജെഡി നേതാവ് തേജസ്വി യാദവ്(വലത്തേയറ്റം) എന്നിവർക്കൊപ്പം യശ്വന്ത് സിൻഹ.

പട്ന∙ മുതിർന്ന നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിൻഹ ബിജെപി വിട്ടു. അദ്ദേഹം ഈയിടെ രൂപീകരിച്ച രാഷ്ട്രീയ മഞ്ചിന്റെ ദേശീയ കൺവൻഷനിലാണു പ്രഖ്യാപനം. ബിജെപിയുടെ പ്രവർത്തനങ്ങളിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച സിൻഹ, പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇതു തന്റെ രാഷ്ട്രീയ സന്യാസത്തിന്റെ തുടക്കമാണെന്നും പറഞ്ഞു. മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും ജനാധിപത്യ സംരക്ഷണം ലക്ഷ്യമിട്ട് ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനമാണു സിൻഹ നടത്തിയത്. ‘രാജ്യത്തു ജനാധിപത്യം അപകടത്തിലാണ്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമം നടക്കുന്നു. തിരഞ്ഞെടുപ്പു കമ്മിഷനെയും അന്വേഷണ ഏജൻസികളെയും കേന്ദ്ര സർക്കാർ സ്വാർഥ താൽപര്യത്തിനു ദുരുപയോഗം ചെയ്യുകയാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നു. രാജ്യത്തിനുവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു. പ്രതിസന്ധികൾക്കു മുന്നിൽ മൗനം പാലിക്കുന്ന ശീലമെനിക്കില്ല’ – സിൻഹ പറഞ്ഞു.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം അലങ്കോലപ്പെട്ടതിനു കാരണം കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച അദ്ദേഹം, പ്രതിപക്ഷവുമായി ചർച്ചയ്ക്കു തയാറാകാതിരുന്ന മോദിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ജനാധിപത്യത്തെ പരിഹാസ്യമാക്കിയെന്നും ആരോപിച്ചു.

വിമത ബിജെപി എംപി ശത്രുഘ്നൻ സിൻഹ, ബിഹാർ മുൻ നിയമസഭാ സ്പീക്കർ ഉദയ് നാരായൺ ചൗധരി, രേണുക ചൗധരി എംപി (കോൺഗ്രസ്), തേജസ്വി യാദവ് (ആർജെഡി), സഞ്ജയ് സിങ് എംപി, അശുതോഷ് (ആം ആദ്മി പാർട്ടി), മുൻ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദി (തൃണമൂൽ കോൺഗ്രസ്), ഘനശ്യാം തിവാരി (എസ്പി), ജയന്ത് ചൗധരി (ആർഎൽഡി), മുൻ അംബാസഡറും രാഷ്്ട്രീയ മഞ്ച് നേതാവുമായ കെ.സി.സിങ് എന്നിവരും കൺവൻഷനിൽ പങ്കെടുത്തു.

2014 ൽ മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ, സിൻഹയും പാർട്ടിനേതൃത്വവും തമ്മിൽ ഉടലെടുത്ത ഭിന്നത പലപ്പോഴും മറനീക്കി പുറത്തുവന്നിരുന്നു. എ.ബി. വാജ്പേയ്, ചന്ദ്രശേഖർ മന്ത്രിസഭകളിൽ ധനകാര്യ, വിദേശകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് യശ്വന്ത് സിൻഹ. മകൻ ജയന്ത് സിൻഹ മോദി സർക്കാരിൽ വ്യോമയാന സഹമന്ത്രിയായി തുടരുന്നതു വകവയ്ക്കാതെയാണ് യശ്വന്ത് ബിജെപി വിടുന്നത്.

related stories