Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല ബന്ധം വേണമോ, അതിർത്തിയിൽ സമാധാനം വേണം: ചൈനയോട് ഇന്ത്യ

Sushama Swaraj China സുഷമ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും

ബെയ്ജിങ്∙ ഉഭയകക്ഷി ബന്ധം മെച്ചപ്പെടാൻ ഇന്ത്യ– ചൈന അതിർത്തിയിൽ സമാധാനം നിലനിൽക്കേണ്ടത് അനിവാര്യമാണെന്ന് ചൈനയോടു തുറന്നുപറഞ്ഞ് ഇന്ത്യ. ഷാങ്ഹായ് സഹകരണ സമിതിയിൽ അംഗങ്ങളായ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോടു നയം വ്യക്തമാക്കിയത്.

ചൈനയിൽ നാലു ദിവസത്തെ സന്ദർശനമാണു സുഷമ നടത്തുന്നത്. ചൈനയിലൂടെ കടന്നുവരുന്ന ബ്രഹ്മപുത്ര, സത്‌ലജ് നദികളിലെ ജലപ്രവാഹം സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയ്ക്കു നൽകുന്നതു നിർത്തിവച്ച ചൈന, ഈ വർഷം മുതൽ അതു തുടർന്നു നൽകാൻ സമ്മതിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളെ പ്രളയത്തിലാഴ്ത്തുന്നതു തടയാൻ സഹായകമായ വിവരങ്ങൾ നൽകുന്നതു ദോക് ലാ അതിർത്തി സംഘർഷത്തെ തുടർന്നാണു ചൈന നിർത്തിവച്ചത്.

നാഥു ലാ ചുരത്തിലൂടെ കൈലാസ യാത്ര ഈ വർഷം പുനരാരംഭിക്കും. ദോക് ലാ സംഘർഷത്തെ തുടർന്നു തകർച്ചയിലായ ബന്ധം അതിവേഗം പഴയപടിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇരുപക്ഷവും തമ്മിലുള്ള ചർച്ച. സൗഹൃദത്തിന്റെ പാത തുടരുകയല്ലാതെ ഇരുരാജ്യങ്ങൾക്കും മറ്റു വഴിയില്ലെന്നും വാങ് യി പറഞ്ഞു. ഭീകരവിരുദ്ധ പ്രവർത്തനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.

Narendra Modi with Chinese President  Xi Jinping

മോദി – ഷി ചിൻപിങ് ഉച്ചകോടി 27നും 28നും

ബെയ്ജിങ് ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ ഈ മാസം 27, 28 തീയതികളിൽ ചൈനയിലെ വുഹാൻ പട്ടണത്തിൽ അനൗപചാരിക കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തീർത്ത് ഊഷ്മള ബന്ധം പുനഃസ്ഥാപിക്കുകയാണു ലക്ഷ്യം. മോദി 2014ൽ അധികാരത്തിലെത്തിയശേഷം നടത്തുന്ന നാലാമത്തെ ചൈന സന്ദർശനമായിരിക്കും ഇത്.

ജൂൺ ഒൻപത്, 10 തീയതികളിൽ ക്വിങ്ഡാവോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം വീണ്ടും ചൈനയിലെത്തുന്നുണ്ട്. ദോക് ലാ സംഘർഷത്തിനുശേഷം ഇരുപക്ഷവും ബന്ധം മെച്ചപ്പെടുത്താൻ ഉന്നതതലത്തിലുള്ള കൂടിക്കാഴ്ചകൾ തുടർച്ചയായി നടത്തിവരുകയാണ്.

സംഘർഷത്തിനു പിന്നാലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിൽ ചർച്ച‌കൾക്കായി വന്നിരുന്നു. തുടർന്നു ഡൽഹിയിൽ ഇരു രാജ്യങ്ങളിലെയും ദേശീയസുരക്ഷാ ഉപദേഷ്ടാക്കളും ചൈനയിൽ ഇരു വിദേശകാര്യ സെക്രട്ടറിമാരും തമ്മിൽ ചർച്ചകൾ നടത്തി. മോദി– ഷി ചർച്ചകൾക്കു മുന്നോടിയായിട്ടാണു സുഷമയും വാങ്ങും തമ്മിൽ ഇന്നലെ ചർച്ച നടത്തിയത്.