Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ‌പ്രധാനമന്ത്രിയാകുക മാ‌ത്രം മോദിയുടെ ലക്ഷ്യം : രാഹുൽ

rahul gandhi speech ‘ഭരണഘടനയെ സംരക്ഷിക്കുക’ പ്രചാരണ പരിപാടി ന്യൂ‍ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹു‍ൽ ഗാന്ധി. ചിത്രം: പിടിഐ

ന്യൂഡൽഹി∙ രാജ്യം കത്തട്ടെ, ദലിതർ മരിക്കട്ടെ, സ്ത്രീകൾ ആക്രമിക്കപ്പെടട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താൽപര്യം പ്രധാനമന്ത്രി പദം മാത്രമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘ഭരണഘടനയെ രക്ഷിക്കുക’യെന്ന മുദ്രാവാക്യമുയർത്തി എഐസിസി പട്ടിക വിഭാഗം നടത്തുന്ന അഖിലേന്ത്യാ പ്രചാരണ പരിപാടിയുടെ ഉദ്ഘാടന വേദിയിലാണു രാഹുൽ, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

മോദി സർക്കാരിനു കീഴിൽ ഭരണഘടനാ മൂല്യങ്ങൾ അപകടത്തിലാണ്. സുപ്രീം കോടതിയെ വരുതിയിൽ നിർത്തുന്ന സർക്കാർ പാർലമെന്റ് അടച്ചുപൂട്ടുന്നു. രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ മെച്ചപ്പെട്ടെന്നാണു സർക്കാരിന്റെ അവകാശവാദം. എന്നാൽ, പതിറ്റാണ്ടുകളുടെ കോൺഗ്രസ് ഭരണത്തിൽ രാജ്യത്തിനുണ്ടായ സൽപ്പേരു കഴിഞ്ഞ നാലു വർഷം കൊണ്ട് ഇല്ലാതായിരിക്കുന്നു. നീരവ് മോദി തട്ടിപ്പ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ചു 15 മിനിറ്റ് താൻ സംസാരിച്ചാൽ മോദി ഓടി രക്ഷപ്പെടും– രാഹുൽ അവകാശപ്പെട്ടു. വത്മീകി സമുദായത്തിന്റെ ശുചീകരണത്തൊഴിലിൽ ആത്മീയതയാണു മോദി കാണുന്നത്. അത് അദ്ദേഹത്തിന്റെ മനോഭാവത്തിലേക്കു വിരൽ ചൂണ്ടുന്നു. ദലിതർക്കും ദുർബലവിഭാഗങ്ങൾക്കും വനിതകൾക്കും അദ്ദേഹത്തിന്റെ മനസ്സിൽ ഇടമില്ല. വീണ്ടും പ്രധാനമന്ത്രിയാകുക മാ‌ത്രമാണു ലക്ഷ്യം.

വരും പുതിയ വാഗ്ദാനങ്ങൾ

കഴിഞ്ഞ ലോക്സഭാ കാലത്തെന്നതു പോലെ പുതിയ വാഗ്ദാനങ്ങളുമായി മോദി ഇനിയും രംഗത്തെത്തുമെന്നു രാഹുൽ മുന്നറിയിപ്പു നൽകി. പെൺകുഞ്ഞിനെ രക്ഷിക്കുകയെന്ന മുദ്രാവാക്യം പെൺകുഞ്ഞിനെ ബിജെപിക്കാരിൽ നിന്നു രക്ഷിക്കുകയെന്നു തിരുത്തേണ്ട സ്ഥിതിയാണ്. രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റീൻ ലഗാഡ് പ്രധാനമന്ത്രിയോടാവശ്യപ്പെടുന്നതു സ്ത്രീസുരക്ഷയിൽ ശ്രദ്ധിക്കണമെന്നാണ്. ജവാഹർലാൽ നെഹ്റു, നരസിംഹ റാവു, വാജ്പേയി, ഗൗഡ തുടങ്ങി ഏതെങ്കിലും മുൻ പ്രധാനമന്ത്രിയോട് ഇതിനു മുൻപ് ആരും പറഞ്ഞിട്ടില്ലാത്ത വാക്കുകൾ. കോൺഗ്രസ് ഇന്ത്യയ്ക്കു ഭരണഘടന നൽകി. അതിനെ സംരക്ഷിച്ചു നിർ‌ത്തി. സ്ഥാപനങ്ങൾക്കു രൂപം നൽകി, പരിപോഷിപ്പിച്ചു. അവ തകർക്കാൻ മുന്നിട്ടിറങ്ങുന്ന ബിജെപിയെയും ആർഎസ്എസിനെയും എന്തു വിലകൊടുത്തും തടഞ്ഞു നിർത്തും. അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവരുടെ മൻ കി ബാത് (മനസ്സിലിരുപ്പ്) വെളിപ്പെടുത്തും– രാഹുൽ പറ‌ഞ്ഞു.

related stories