Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിലും മാനഭംഗത്തിന് ഇനി വധശിക്ഷ

capital punishment

ശ്രീനഗർ∙ പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകാൻ കശ്മീരിൽ നടപടിയായി. 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷയും 16 വയസ്സിൽ താഴെ പ്രായമുള്ളവരെ പീഡിപ്പിച്ചാൽ ജീവപര്യന്തവും പരമാവധി ശിക്ഷയായി നൽകുന്നതിനുള്ള രണ്ട് ഓർഡിനൻസുകൾ ജമ്മു കശ്മീർ മന്ത്രിസഭ അംഗീകരിച്ചു.

കഠ്‌വ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്താൽ 20 വർഷം തടവുശിക്ഷ ലഭിക്കും. ഇത് ആജീവനാന്തം തടവു വരെയായി മാറാം. 16 വയസ്സിൽ താഴെയുള്ള കുട്ടികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കുന്ന പ്രതികൾക്ക് ആജീവനാന്തം തടവുശിക്ഷ നൽകും. 12 വയസ്സിൽ താഴെയുള്ള കുട്ടികളെയാണു കൂട്ടമാനഭംഗം ചെയ്യുന്നതെങ്കിൽ വധശിക്ഷ നൽകും. ഇത്തരം കേസുകളിൽ രണ്ടു മാസത്തിനുള്ളിൽ അന്വേഷണവും ആറു മാസത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കണമെന്നും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.

കേസുകളിൽ കാലതാമസമുണ്ടായാൽ കോടതിയിൽ കാരണം ബോധിപ്പിക്കണം. മാനഭംഗ കേസുകളിൽ ജാമ്യവ്യവസ്ഥകൾ കർശനമാക്കി. തെളിവുശേഖരണത്തിലും അന്വേഷണത്തിലും വിചാരണയിലും ബാലസൗഹൃദ ശൈലി പിന്തുടരാൻ നിർദേശമുണ്ട്. വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാനും അനുമതിയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങളും ഓർഡിനൻസിലുണ്ട്.