Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കെതിരെ വധശ്രമം: സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ

കോയമ്പത്തൂർ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ആസൂത്രണം ചെയ്യുന്നതായി ഭീഷണി മുഴക്കിയ, കോയമ്പത്തൂർ സ്ഫോടനപരമ്പര കേസിലെ പ്രതി അറസ്റ്റിൽ. കുനിയമുത്തൂർ സ്വദേശി മുഹമ്മദ് റഫീഖിനെ(50)യാണ് കോയമ്പത്തൂർ പെ‌ാലീസ് അറസ്റ്റു ചെയ്തത്. റഫീഖിന്റെ ഭീഷണി സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് അറസ്റ്റ്.

നിരോധിച്ച അൽ ഉമ്മ സംഘാംഗമായ റഫീഖ് 1998ലെ സ്ഫോടനപരമ്പര കേസിൽ പത്തു വർഷത്തോളം തടവുശിക്ഷ കഴിഞ്ഞ് 2007 ലാണ് ജയിൽ മോചിതനായത്. സേലം പുതൂർ റോഡിലെ കാർ വിൽപനക്കാരൻ പ്രകാശുമായി എട്ടു മിനിറ്റ് നീളുന്ന ഫോൺ സംഭാഷണത്തിനിടെയാണ് മോദിയെ വധിക്കാൻ ആസൂത്രണം ചെയ്യുന്നതായി ഭീഷണി മുഴക്കിയത്.

സ്ഫോടന പരമ്പര ഉൾപ്പെടെ 22 കേസുകളിൽ പ്രതിയാണെന്നും 1998ൽ ബിജെപി നേതാവ് എൽ.കെ. അഡ്വാനിയുടെ കോയമ്പത്തൂർ സന്ദർശന വേളയിൽ നഗരത്തിൽ ബോംബുകൾ സ്ഥാപിച്ചതിൽ അഭിമാനിക്കുന്നതായും റഫീഖ് പ്രകാശിനോട് പറയുന്നുണ്ട്. ഗുണ്ടാ നിയമം, ദേശരക്ഷാ നിയമം എന്നിവ ചുമത്തപ്പെട്ട തനിക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും സംഭാഷണത്തിലുണ്ട്. ഇതു ശ്രദ്ധയിൽപ്പെട്ട കുനിയമുത്തൂർ എസ്ഐ ദാമോദരൻ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് റഫീഖിനെ അറസ്റ്റു ചെയ്യാൻ സിറ്റി പൊലീസ് കമ്മിഷണർ കെ. പെരിയയ്യ ഉത്തരവിടുകയായിരുന്നു. ഭീഷണി സന്ദേശത്തെക്കുറിച്ചും സംഭാഷണത്തിൽ ഉൾപ്പെട്ടവരെക്കുറിച്ചും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

168 പ്രതികളുള്ള കോയമ്പത്തൂർ സ്ഫോടന പരമ്പര കേസിൽ 105ാം പ്രതിയാണ് റഫീഖ്. ഒരു തുണിക്കടയിലും ആഭരണക്കടയിലും ബോംബുവച്ച കേസിലാണ് റഫീഖിനെ ശിക്ഷിച്ചത്. ഭീഷണി മുഴക്കിയത് ഫോൺവിളിക്കിടെ കാർ വിൽപ്പനക്കാരനായ പ്രകാശ്, സേലം സ്വദേശിയായ ശെൽവത്തിനു മൂന്നു കാറുകൾ വിറ്റിരുന്നു. കാറുകളുടെ വില നൽകാതെ ശെൽവം അവ മുഹമ്മദ് റഫീഖിനു മറിച്ചുവിറ്റു. പ്രകാശ് പണം ആവശ്യപ്പെട്ടപ്പോൾ ശെൽവം റഫീഖിന്റെ ഫോൺ നമ്പർ നൽകി. തുടർന്നു പ്രകാശ് ഫോണിൽ വിളിച്ചപ്പോഴാണു റഫീഖ് ഭീഷണി മുഴക്കിയത്. പ്രകാശ് ഇതു റെക്കോർഡ് ചെയ്തു. തുടർന്ന് സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

related stories