Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടിസ് ഉപരാഷ്ട്രപതി തള്ളി

cartoon

ന്യൂഡൽഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷം നൽകിയ കുറ്റവിചാരണ നോട്ടിസ് രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം.വെങ്കയ്യ നായിഡു നിരാകരിച്ചു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ പാർലമെന്റും ജുഡിഷ്യറിയും തമ്മിൽ ഏറ്റുമുട്ടലിനു വഴിയൊരുങ്ങി. നോട്ടിസ് സ്വീകരിക്കാൻ യുക്തിസഹമായ കാരണമില്ലെന്ന നിരീക്ഷണത്തോടെയാണു രാജ്യസഭാധ്യക്ഷൻ നോട്ടിസ് തള്ളിയത്. 

ഉപരാഷ്ട്രപതിയുടെ നിരീക്ഷണങ്ങൾ

∙ പ്രതിപക്ഷത്തിന്റെ നോട്ടിസിൽ പറയുന്ന അഞ്ച് ആരോപണങ്ങളും സുപ്രീം കോടതി തന്നെ പരിഹാരം കാണേണ്ട ആഭ്യന്തരപ്രശ്നങ്ങളാണ്. 

∙ സുപ്രീം കോടതിയുടെ സ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാന പ്രമാണമാണ്. അതിനെതിരായ വെല്ലുവിളിയാണ് ആരോപണങ്ങൾ. 

∙ സംശയം, ഊഹം, നിഗമനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ; ഉന്നയിക്കുന്നവർക്കു തന്നെ ഉറപ്പില്ല. ഭരണനിർവഹണത്തിന്റെ നെടുംതൂണുകളെ ദുർബലപ്പെടുത്തുന്ന ചിന്തകളും വാക്കുകളും പ്രവൃത്തിയും അനുവദിക്കാനാവില്ല. 

∙ ഭരണഘടനയുടെ 124–ാം വകുപ്പു പ്രകാരം, ‘തെളിയിക്കപ്പെട്ട പെരുമാറ്റദൂഷ്യം’ എവിടെ? 

∙ രാജ്യസഭാംഗങ്ങളുടെ കൈപ്പുസ്തകത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണു നോട്ടിസ്. 

തീരുമാനം അന്യായം, നിയമവിരുദ്ധം: പ്രതിപക്ഷം

കുറ്റവിചാരണ നോട്ടിസ് നിരാകരിച്ച തീരുമാനം തിടുക്കത്തിൽ കൈക്കൊണ്ടതാണെന്നും കീഴ്‌വഴക്കങ്ങൾക്കെതിരാണെന്നും പ്രതിപക്ഷം. ഇതു നിയമവിരുദ്ധവും അന്യായവുമാണെന്നു മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കുറ്റപ്പെടുത്തി. ഏഴു പാർട്ടികളിലെ 64 എംപിമാരുടെ ഒപ്പു ശേഖരിച്ചു കുറ്റവിചാരണയ്ക്കു നോട്ടിസ് നൽകാൻ നേതൃത്വം നൽകിയതു സിബലാണ്. ആദ്യഘട്ടത്തിൽ തന്നെ നോട്ടിസ് നിരാകരിക്കുന്ന പതിവില്ലെന്നു സിബൽ കുറ്റപ്പെടുത്തി. ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്നു നോക്കേണ്ടതു രാജ്യസഭാധ്യക്ഷനല്ല, മൂന്നംഗ വിദഗ്ധസമിതിയാണ്. നോട്ടിസ് ക്രമപ്രകാരമാണോയെന്നു മാത്രമാണു സഭാധ്യക്ഷൻ നോക്കേണ്ടിയിരുന്നത്. 50 അംഗങ്ങൾ ഒപ്പിട്ടിട്ടുണ്ടോ, ഒപ്പിട്ടത് അവർ തന്നെയോ എന്നു മാത്രമാവേണ്ടിയിരുന്നു പ്രാഥമിക പരിശോധന. 

സിബലിന്റെ നിലപാടുകൾ

∙ തിടുക്കപ്പെട്ട്, വേണ്ടത്രചർച്ച നടത്താതെയാണു തീരുമാനം. സുപ്രീം കോടതിയിലെ ഭരണ‌പരമായ പ്ര‌ശ്നങ്ങളെക്കുറിച്ചു നോട്ടിസിൽ പറയുന്നുണ്ടെങ്കിലും സുപ്രീം കോടതി ജഡ്ജിമാരിൽ നിന്ന് അദ്ദേഹം അഭി‌പ്രായമാരാഞ്ഞില്ല. 

∙ ഭരണഘടനാ വ്യവസ്ഥ പ്രകാരം ‘പെരുമാറ്റദൂഷ്യം’ സ്‌ഥിരീകരിക്കേണ്ടത് അന്വേഷണ സമിതിയാണ് 

∙ രാജ്യസഭാ കൈപ്പുസ്ത‌കം പറയുന്നതു സഭയിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇതു സഭയിലെ കാര്യമല്ല. 

ലോക്സഭയിലേതിനു സമാനം

ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടിസിന്റെ ഗതി തന്നെ രാജ്യസഭയിലെ കുറ്റവിചാരണ നോട്ടിസിനും. ലോക്സഭയിലും 50 പേരുടെ പിന്തുണയാണു നോട്ടിസിനു വേണ്ടിയിരുന്നത്. 80 പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചെങ്കിലും സ്പീക്കർ സുമിത്ര മഹാജൻ നോട്ടിസ് പരിഗണിക്കാൻ തയാറായില്ല. സഭയിൽ സമാധാനാന്തരീക്ഷമില്ലെന്നതായിരുന്നു സ്പീക്കറുടെ ന്യായം. 

ഇനിയെന്ത്?

നോട്ടിസിൽ ഒപ്പുവച്ച പ്രതിപക്ഷ എംപിമാർ വ്യക്തിപരമായാണു സുപ്രീം കോടതിയെ സമീപി‌ക്കുക; പാർട്ടികളെ പ്രതിനിധീകരിച്ചല്ല. തനിക്കെതിരായ കേസ് പരിഗണനയ്ക്കു വരുമ്പോൾ മാറി നിൽക്കാൻ ചീഫ് ജസ്റ്റിസ് നിർബന്ധിതനാവുമെന്നു പ്രതിപക്ഷം കരുതുന്നു. ചീഫ് ജസ്റ്റിസിനെതിരെ മാധ്യമസമ്മേളനം നടത്തിയ കൊളീജിയം അംഗ‌ങ്ങളായ മുതിർന്ന ജഡ്ജിമാർ ഉയർത്തിയ പ്രശ്നങ്ങൾ തന്നെയാണു പ്രതിപക്ഷവും ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ നിയ‌മ പോരാട്ടം സങ്കീർണമാകാനും പാർലമെന്റും ജുഡിഷ്യറിയുമായുള്ള ഏറ്റുമുട്ടലുണ്ടാവാനും സാധ്യത ‌തെളിയുന്നു.