Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഗ, യാങ്ത്‌സി നദികൾ പോലെ ഇന്ത്യ–ചൈന സൗഹൃദവും

Narendra Modi and Xi Jinping

ഷി വുഹാൻ (ചൈന)∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രകടമായതു പതിവിൽ കവിഞ്ഞ ഊഷ്മളത. മ്യൂസിയത്തിലൂടെ ഇരുവരും ചേർന്നു കാഴ്ചകൾ നടന്നു കാണാൻ 20 മിനിറ്റ് ആയിരുന്നു നീക്കിവച്ചിരുന്നത്. എന്നാൽ അതു 40 മിനിറ്റ് നീണ്ടു.

ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഇരുപക്ഷവും തമ്മിൽ നടന്ന ചർച്ചകളാകട്ടെ ഉദ്ദേശിച്ചതിലും അര മണിക്കൂർ കൂടി നീണ്ടു. വിരുന്നിനുശേഷം കാറിനടുത്തുവരെ ചെന്നാണു മോദിയെ ഷി യാത്രയയച്ചത്. ചർച്ചകളിൽ യാതൊരു സംഘർഷവും പ്രകടമായില്ല. എന്തെങ്കിലും തീരുമാനത്തിൽ കൊണ്ടെത്തിക്കേണ്ട ആവശ്യം ഇരുപക്ഷത്തിനും ഇല്ലാതിരുന്നതിനാൽ‍ ഉള്ളുതുറന്ന ചർച്ചകളാണു നടന്നത്. അതിർത്തിത്തർക്കത്തെ തുടർന്നുണ്ടായ അകൽച്ച പരിഹരിച്ചു പരസ്പര വിശ്വാസം വീണ്ടെടുക്കുവാനും ബന്ധം സുദൃഢമാക്കാനുമുള്ള ആത്മാർഥത ഇരുനേതാക്കളും പ്രകടിപ്പിച്ചു.

രണ്ടു മണിക്കൂർ ചർച്ച രണ്ടര മണിക്കൂർ നീണ്ടതു നിർണായക വിഷയങ്ങൾ ഗൗരവമായി പരിഗണിച്ചുവെന്ന സൂചനയാണു നൽകിയത്. അടുത്ത ഉച്ചകോടി ഡൽഹിയിലാകാമെന്നു മോദി അഭ്യർഥിച്ചപ്പോൾ ഈ രീതിയിൽ ഇടയ്ക്കിടെ കൂടിക്കാണണമെന്ന നിലപാടിലായിരുന്നു ഷി. ഗംഗ, യാങ്ത്‌സി നദികൾ ഒഴുകുന്നതുപോലെ ഇന്ത്യ–ചൈന സൗഹൃദം എക്കാലവും മുന്നോട്ടുപോകട്ടെയെന്നു ഷി ആശംസിച്ചതായി സർക്കാരിന്റെ സിസിടിവി ചാനൽ റിപ്പോർട്ട് ചെയ്തു.

ആഗോളതലത്തിൽ വളർച്ചയുടെ ചാലകശക്തിയാണ് ഇന്ത്യയും ചൈനയും. ലോകത്തു സമാധാനവും സുസ്ഥിരതയും നിലനിർത്താൻ നല്ലനിലയിലുള്ള ഇന്ത്യ– ചൈന സൗഹൃദം സുപ്രധാനമാണെന്നും ഷി പറഞ്ഞു. യുഎസ് അടക്കമുള്ള വൻ സമ്പദ്‌വ്യവസ്ഥകൾ ഉദാരവൽക്കരണത്തിനു വിരുദ്ധമായ നടപടികളെടുക്കുകയും ചൈനീസ് ഇറക്കുമതിക്കു ചുങ്കം വർധിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഷിയുടെ ഈ പ്രസ്താവനയ്ക്കു പ്രത്യേക പ്രസക്തിയുണ്ടെന്നു നിരീക്ഷകർ കരുതുന്നു.

related stories